തെഹ്റാൻ- ഹോർമുസ് കടലിടുക്കിലൂടെ അനുമതിയില്ലാതെ സഞ്ചരിക്കാൻ ശ്രമിച്ച കണ്ടെയ്നർ കപ്പൽ സമുദ്ര മൈനിൽ ഇടിച്ച് മുങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. നിയമങ്ങൾ ലംഘിച്ച് അപകടകരമായ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൈനിൽ ഇടിച്ചതിനെത്തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി. രണ്ടരനായിരത്തിലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കപ്പലിന്റെ പേരോ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നതെന്നോ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം കൂടുതൽ അപകടത്തിലായിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ സമുദ്ര ഗതാഗത നിയന്ത്രണങ്ങളും മൈനുകളും സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരികയാണ്. തെക്കൻ റൂട്ടിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഭീമൻ എണ്ണ ടാങ്കർ മൈനിൽ ഇടിച്ച് എഞ്ചിൻ റൂമിൽ സ്ഫോടനവും തീപിടുത്തവുമുണ്ടായതായി കഴിഞ്ഞ ഞായറാഴ്ചയും റെവല്യൂഷണറി ഗാർഡ് അറിയിച്ചിരുന്നു. ഈ ആഴ്ച മാത്രം സമാനമായ രീതിയിൽ നാല് ടാങ്കറുകളും കപ്പലുകളുമാണ് ഹോർമുസ് കടലിടുക്കിൽ മുങ്ങിയിട്ടുള്ളത്. ഈ കപ്പലുകളുടെയെല്ലാം സഞ്ചാരം നിയമവിരുദ്ധമാണെന്നാണ് റെവല്യൂഷണറി ഗാർഡിന്റെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







