ജിദ്ദ- യെമനിലെ ഹൂത്തികൾക്കെതിരായ വ്യോമാക്രമണങ്ങളിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങളും പങ്കാളികളാകുന്നതായി റിപ്പോർട്ട്. മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. യെമനിലേക്ക് നേരിട്ട് കരസേനയെ അയക്കാതെ, ഹൂത്തികളുടെ മിസൈൽ-ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാനുള്ള വ്യോമ പിന്തുണ നൽകുന്നതിലാണ് പാകിസ്ഥാന്റെ ഇടപെടലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നിവർ ഒപ്പുവെച്ച സംയുക്ത പ്രതിരോധ സഹകരണ കരാർ സജീവമായി പ്രാബല്യത്തിൽ വന്നു.
അതേസമയം, സൗദിയുടെ പ്രതിരോധ നീക്കങ്ങളെ എങ്ങനെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ‘മക്ക പ്രതിരോധ സഖ്യ’ത്തിന്റെ സൈനിക സമിതികൾ പഠനം നടത്തുകയാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. അങ്കാറയിൽ ഹംഗേറിയൻ വിദേശകാര്യ മന്ത്രി അനിത ഓർബനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്ക കരാർ ഒരു കേവല പ്രതിരോധ കരാർ മാത്രമാണെന്നും, അംഗരാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ പരസ്പരം പിന്തുണയ്ക്കാനാണ് വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തേക്ക് ആക്രമണം നടത്താൻ തുർക്കി സൈന്യത്തെ അയക്കില്ലെന്നും ഫിദാൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







