ജിദ്ദ- ആത്മീയ ജീവിതത്തിന് ഇസ്ലാമിൽ വലിയ പ്രാധാന്യമുണ്ടെങ്കിലും അതിന്റെ സാക്ഷാത്കാരത്തിനുള്ള വഴി നവസൂഫിസം മുന്നോട്ടുവയ്ക്കുന്ന അനുരാഗാത്മകമായ ഉന്മാദതലങ്ങളല്ലെന്നും മറിച്ച് വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങളും അതിന്റെ പ്രായോഗിക മാതൃകയായ പ്രവാചകചര്യയുമാണെന്നും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ശിഹാബ് സലഫി എടക്കര പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ”പ്രണയം, സംഗീതംസൂഫിസത്തിന്റെ കാണാപ്പുറങ്ങൾ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയുടെ പേരിൽ യുവാക്കളെ ഭൗതികജീവിതത്തിന്റെ ചട്ടക്കൂടുകളിൽനിന്ന് മാറ്റിനിർത്തി ‘ദൈവാനുരാഗം’ എന്ന ലഹരിയിലേക്ക് നയിക്കുന്നതാണ് നവസൂഫിസം മുന്നോട്ടുവയ്ക്കുന്ന സമീപനമെന്ന് അദ്ദേഹം ആരോപിച്ചു. സംഗീതവും പ്രണയവും കേന്ദ്രീകരിച്ചുള്ള ഇത്തരം ആത്മീയാവിഷ്‌കാരങ്ങൾ വിശുദ്ധ ഖുർആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിൽനിന്ന് മനുഷ്യനെ അകറ്റി അനുരാഗഭ്രമത്തിന്റെ അന്ധകാരത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി മജീദ് ആലപ്പുഴ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







