ഷാർജ- നമ്മുടെ രാജ്യത്ത് സർക്കാറിനോ ഭരണാധികാരികൾക്കോ ഏത് സമയത്തും ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി.
തന്റെ ഹെലികോപ്റ്ററും വിമാനവും വിട്ടുനൽകുന്നതിന്റെ പേരിൽ ആരുടെയടുത്തും ആനുകൂല്യത്തിന് ചെല്ലുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ കൽബയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത് പൊളിറ്റിക്‌സാണ്, അതിൽ ഞാനില്ല. എന്നാൽ, കേരളത്തിലെ മന്ത്രിമാർ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയാൻ താനാളല്ലെന്നും ആരാണോ വിവാദമുണ്ടാക്കിയത് അവർ തന്നെ അതിന് പരിഹാരം കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







