റിയാദ്- ഏത് ഉറവിടങ്ങളിൽ നിന്നുള്ള ഭീഷണികളെയും പൂർണ്ണമായും ചെറുക്കാനും തടയാനും സൗദി അറേബ്യക്ക് പൂർണ്ണ ശേഷിയുണ്ടെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച്, ഒമ്പതാമത് ശൂറാ കൗൺസിലിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന് ഉയർന്ന കാര്യക്ഷമതയുള്ള മാനുഷികവും സൈനികവുമായ ശേഷികളുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ ലഘൂകരിക്കാനും സുരക്ഷ സംരക്ഷിക്കാൻ നയതന്ത്ര പരിഹാരങ്ങളെ പിന്തുണക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ട്. എന്നാൽ, രാജ്യത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഏതൊരു ഭീഷണിയോടും ആക്രമണത്തോടും നിർണ്ണായകമായി പ്രതികരിക്കാൻ മടിക്കില്ലെന്നും എല്ലാത്തരം ഭീഷണികളെയും നേരിടുന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥരെ ഓർത്ത് അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
എല്ലാ ജി.സി.സി രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഗൾഫ് സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഗൾഫ് സുരക്ഷ സംരക്ഷിക്കാനും സാമ്പത്തിക സംയോജനം ശക്തമാക്കാനും സൽമാൻ രാജാവിന്റെ ദർശനം നടപ്പാക്കുന്നതിൽ സഹോദര രാജ്യങ്ങളുമായി ചേർന്ന് സൗദി അറേബ്യ പ്രവർത്തിച്ചുവരുന്നു.
പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവർക്കിടയിൽ രൂപീകരിച്ച ‘മക്ക പ്രതിരോധ ഉടമ്പടി’ മേഖലയിലെ സുരക്ഷ വർധിപ്പിക്കാനുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.







