തെൽ അവീവ്- ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് എഫ്.ഇസെഡ് 1073 വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു. ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാധാരണമായ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി നെതന്യാഹു തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
വിമാനത്തിനുള്ളിൽ വെച്ച് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ ചെറുത്തുനിൽക്കുകയും കോക്ക്പിറ്റ് വാതിൽ തുറക്കുകയും ചെയ്തു. ഇത് ആക്രമണകാരിയെ കീഴ്പ്പെടുത്താൻ യാത്രക്കാർക്കും മറ്റു വിമാന ജീവനക്കാർക്കും അവസരമൊരുക്കിയതായി നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ പൗരന്മാരും മറ്റ് രാജ്യക്കാരുമുൾപ്പെടെ 174 പേരുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. പൈലറ്റിന് പൂർണ്ണവും വേഗത്തിലുള്ളതുമായ സുഖം ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോ-പൈലറ്റ് വിമാനം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചപ്പോൾ താൻ എങ്ങിനെയാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് ഒരു യാത്രക്കാരൻ ഇസ്രായേൽ പ്രധാനമന്ത്രിയോട് നേരിട്ട് വിശദീകരിച്ചു. താൻ ലിവറുകൾ വലിച്ച് വിമാനത്തിന്റെ ദ്രുതഗതിയിലുള്ള ഇറക്കം തടസ്സപ്പെടുത്തുകയായിരുന്നു എന്ന് യാത്രക്കാരൻ പ്രധാനമന്ത്രിക്ക് മുന്നിൽ വിവരിച്ചു. പൈലറ്രിറൽ ഒരാൾ മറ്റൊരാളെ കുത്തിയതായും വിമാനം തകർക്കാൻ ശ്രമിച്ചതായും നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.
ക്യാപ്റ്റൻ സ്മിത് മച്ചാർ
ഗുജറാത്തി വംശജനായ സ്മിത് മച്ചാർ ഫ്ളൈ ദുബായിൽ ബോയിംഗ് 737 ഫ്ലീറ്റിന്റെ ക്യാപ്റ്റനാണ്. ഇന്ത്യൻ വിമാന കമ്പനിയായ സ്പൈസ് ജെറ്റിൽ ഫസ്റ്റ് ഓഫീസറായും പൈലറ്റ് ഇൻസ്ട്രക്ടറായും ഏകദേശം 11 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹത്തിന് ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. 2022 ജൂൺ മുതലാണ് അദ്ദേഹം ഫ്ളൈ ദുബായിൽ ജോലി ആരംഭിച്ചത്.
രക്ഷാപ്രവർത്തനവും ആശുപത്രി വാസവും
കോക്പിറ്റിലെ ഏറ്റുമുട്ടലിനിടെ കുത്തേറ്റ മച്ചാർ കോ-പൈലറ്റിനെ ശക്തമായി ചെറുക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് സഹായം തേടുകയുമായിരുന്നു. തബൂക്കിൽ എമർജൻസി ലാൻഡിംഗ് നടത്തിയ ഉടൻ പരിക്കേറ്റ പൈലറ്റിനെയും കോ-പൈലറ്റിനെയും പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദുബായ്- തെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലെ തർക്കത്തിനിടയിൽ സഹ പൈലറ്റിന് കുത്തേറ്റു
ശിരസ്സിലും കൈകളിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന പൈലറ്റിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി ഡോക്ടർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. താനും മറ്റു യാത്രക്കാരും ഇടപെടാൻ വൈകിയിരുന്നെങ്കിൽ ആരും ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.
തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ആരോഗ്യനില ഭദ്രമാണെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗദി അധികൃതരുമായി ഏകോപിപ്പിച്ച് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.







