തബൂക്ക്- ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സാങ്കേതിക തടസ്സങ്ങളെയും സംഘർഷത്തെയും തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. സംഭവത്തിൽ പൈലറ്റിനും കോ-പൈലറ്റിനും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ പ്രാദേശിക സമയം 8:44-നാണ് ഫ്ലൈ ദുബായ് വിമാനമായ എദ 1073ൽ നിന്ന് തബൂക്ക് എയർ ട്രാഫിക് കൺട്രോൾ സെന്ററിലേക്ക് അടിയന്തര ലാൻഡിംഗിനായുള്ള ‘ഡിസ്ട്രസ് കോൾ’ ലഭിച്ചത്. തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രക്ഷാപ്രവർത്തന സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു. രാവിലെ 9:45-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
യാത്രയ്ക്കിടെ പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായും, രണ്ടാമത്തെ പൈലറ്റും യാത്രക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നുവെന്നുമാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ വിമാനം വെറും 30 സെക്കൻഡിനുള്ളിൽ 15,000 അടിയോളം താഴേക്ക് പതിച്ചത് യാത്രക്കാരെ കടുത്ത ഭീതിയിലാഴ്ത്തി. പൈലറ്റിനെ തടയുന്നതിനിടെ ഒരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. രക്തക്കറ പുരണ്ട വസ്ത്രങ്ങളോടെയുള്ള യാത്രക്കാരന്റെ ചിത്രങ്ങളും വിമാനത്തിനുള്ളിലെ പരിഭ്രാന്തി വ്യക്തമാക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


അപകടസാധ്യത ഒഴിവാക്കി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതോടെ യാത്രക്കാർ കൈയടിച്ചും പാട്ടുപാടിയും സന്തോഷം പങ്കുവെക്കുന്ന വീഡിയോകളും പുറത്തുവന്നു.
വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ആവശ്യമായ പരിചരണവും സേവനങ്ങളും ലഭ്യമാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം വിമാനം ഏർപ്പാടാക്കാൻ ഫ്ലൈ ദുബായ് അധികൃതരുമായി ഏകോപനം തുടരുകയാണ്. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും സംഭവത്തെക്കുറിച്ച് അതോറിറ്റി അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അഡ്മിനിസ്ട്രേഷൻ അറിയിച്ചു.







