തെഹ്റാൻ- അമേരിക്ക കരമാർഗ്ഗം ആക്രമണം നടത്തിയാൽ ഇറാൻ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്ന യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്ന പൗരന്മാർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സൈന്യം. 500 കോടി ടോമാൻ (ഏകദേശം 20,000 ഡോളർ) പ്രതിഫലം നൽകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്റമി-നിയ വ്യക്തമാക്കി. എന്നാൽ ഈ ദൗത്യം നിർവ്വഹിക്കുന്നത് ഒരു സ്ത്രീയാണെങ്കിൽ പ്രതിഫലം ഇരട്ടിയായി വർധിപ്പിച്ച് 1,000 കോടി ടോമാൻ (ഏകദേശം 40,000 ഡോളർ) നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ മറ്റ് രാജ്യങ്ങളിലുള്ളവർ യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താലും ഈ പാരിതോഷികത്തിന് അർഹതയുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കയുടെ കരയുദ്ധ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇറാൻ സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഈ ദൗത്യത്തിനായി ഉപയോഗിക്കുന്ന ആയുധം അതിന്റെ യഥാർത്ഥ വിലയുടെ ഇരട്ടി തുക നൽകി സൈന്യം വാങ്ങുമെന്നും, അത് സൈനിക മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്നും ബ്രിഗേഡിയർ ജനറൽ അക്റമി-നിയ വ്യക്തമാക്കി.
മറുഭാഗത്ത്, ഇറാൻ റെവല്യൂഷണറി ഗാർഡ് എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ തലവന്മാരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒന്നര കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കും ഏജൻസിയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കുമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ പദ്ധതി വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബ്രിഗേഡിയർ ജനറൽ അബ്ദുല്ല മെഹ്‌റാബി, അഹമ്മദ് ജാഫറാബാദി, അലി അസ്ഗർ നൊറൂസി എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്കാണ് ഈ തുക ലഭിക്കുക. ഇറാന്റെ മിസൈലുകൾക്കും ഡ്രോണുകൾക്കും ഇടയിലെ പണമിടപാടുകൾ തടസ്സപ്പെടുത്താൻ സഹായിക്കണമെന്ന് ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ ആവശ്യപ്പെട്ടു.
ഈ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പണത്തിന് പുറമെ ആവശ്യമെങ്കിൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാനുള്ള സൗകര്യവും ലഭിക്കുമെന്ന് പദ്ധതി അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







