കണ്ണൂര്‍ വിമാനത്താവളം വഴി ഇത്തവണ 3246 പേര്‍
കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജിദ്ദ: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഇത്തവണ ഹജിനെത്തുന്ന 17000 കേരളീയരില്‍ 7,000 പുരുഷന്‍മാരും 10,000 സ്ത്രീകളുമാണെന്നും തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഹജ് കമ്മിറ്റിയംഗവും ജിദ്ദാ പ്രവാസിയുമായ കെ.പി സുലൈമാന്‍ ഹാജി കിഴിശ്ശേരി ദ മലയാളം ന്യൂസിനോട് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം വഴി ഹജിനു വരുന്ന 3246 പേര്‍ക്കുള്ള സംവിധാനമൊരുക്കുന്നതിന് കഴിഞ്ഞ ദിവസം സംഘാടകസമിതി രൂപീകരിച്ചതായും സുലൈമാന്‍ ഹാജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1200 പേരാണ് കണ്ണൂരില്‍ നിന്ന് ഹജിന് വന്നിരുന്നത്. പതിവ് പോലെ കോഴിക്കോട്ട് നിന്നാണ് കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണയുമുള്ളത്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള തീര്‍ഥാടകരുടെ സജ്ജീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം ഇന്ന് നടക്കും.
ഹജ് ക്യാംപ് സംഘാടക സമിതി കണ്ണൂരില്‍ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. യാത്രാനിരക്കിന്റെ കുറവും വിപുലമായ പരിചരണ സംവിധാനവുമുള്ള കണ്ണൂര്‍ വഴി കൂടുതല്‍ തീര്‍ഥാടകര്‍ ഇത്തവണ വരുന്നുണ്ട്. സൗദി എയര്‍ലൈന്‍സ് വിമാനങ്ങളാണ് കണ്ണൂരില്‍ നിന്ന് ഹാജിമാരെ കൊണ്ടു വരുന്നതെന്നും സുലൈമാന്‍ ഹാജി പറഞ്ഞു. കേന്ദ്ര ഹജ് കമ്മിറ്റിയുടെ സഹായത്തോടെ മക്കയിലേയും മദീനയിലേയും ഹാജിമാരുടെ പാര്‍പ്പിടങ്ങള്‍ സംബന്ധിച്ച അവസാന ഒരുക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ യോഗത്തില്‍ കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയും ഹജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ നഗരസഭാ മേയര്‍, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളുമായാണ് കമ്മിറ്റി. ഈ യോഗത്തില്‍ സുലൈമാന്‍ ഹാജിയും പങ്കെടുത്തിരുന്നു. ഹജ് കമ്മിറ്റിയിലെ മറ്റൊരംഗം പി.ടി.എ റഹീം ചെയര്‍മാനും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് വര്‍ക്കിംഗ് ചെയര്‍മാനുമായിരിക്കും. ഹജ് കമ്മിറ്റിയംഗം പി.പി മുഹമ്മദ് റാഫിക്കാണ് കണ്ണൂരിലെ ഹജ് ക്യാംപിന്റെ ചുമതലയെന്നും സുലൈമാന്‍ ഹാജി പറഞ്ഞു.