ന്യൂയോർക്ക്: അസാധാരണമാംവിധമുള്ള ശക്തമായ സൗരോർജ്ജ കൊടുങ്കാറ്റിന് ലോകം സാക്ഷിയാകാനിരിക്കുന്നു. ഈ വരാന്ത്യത്തോടെ അമേരിക്കയിലെത്തുന്ന സൗരോർജ കൊടുങ്കാറ്റ് വടക്കൻ അമേരിക്കയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. വൈദ്യുതിയും ഇന്റർനെറ്റ് അടക്കമുള്ള ആശയവിനിമയമാർഗങ്ങളെ തടസ്സപ്പെടുത്തുമെന്നും ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പ് നൽകുന്നു.
പ്രതീക്ഷിച്ചതിലും മണിക്കൂറുകൾക്ക് മുമ്പ്, വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സൗരപ്രവാഹം ഭൂമിയിൽ എത്തിയത്. ഇത് സംബന്ധിച്ച് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഭൂകാന്തിക കൊടുങ്കാറ്റ് സംഭവിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഈ വാരാന്ത്യത്തിലും ഒരുപക്ഷേ അടുത്ത ആഴ്‌ചയിലും നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഭ്രമണപഥത്തിലെ പവർ പ്ലാൻ്റുകളുടെയും ബഹിരാകാശവാഹനങ്ങളുടെയും ഓപ്പറേറ്റർമാർ മുൻകരുതലുകൾ എടുക്കണമെന്നും ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിക്കും നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.
സൂര്യന്റെ അന്തരീക്ഷത്തില്‍ ഒരു വലിയ സ്‌ഫോടനം നടക്കുന്നതിനെ ആണ് സോളാര്‍ കൊടുങ്കാറ്റ് എന്നു പറയുന്നത്. അതു കാരണം ഭൂമിയുടെ കാന്തിക മണ്ഢലത്തെ തടസ്സപ്പെടുത്തുകയും ഭൂമിയില്‍ ജീവപായത്തിന് പുറമേ നമ്മുടെ സാങ്കേതിക ഉപകരണങ്ങള്‍, ജിപിഎസ്, വൈദ്യുത ട്രാൻസ്ഫോർമറുകൾ എന്നിവയെ എല്ലാം തകര്‍ക്കുമെന്നും റിപ്പോർട്ടുകൾ വരാറുണ്ട്.1989 ല്‍ വലിയ ഒരു സോളാര്‍ കൊടുങ്കാറ്റ് ഉണ്ടായിട്ടുണ്ട്.ഒരു സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭാവത്തില്‍ തകര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ശരിയാക്കി എടുക്കണം എങ്കില്‍ മാസങ്ങളോ വര്‍ഷങ്ങളോ വേണ്ടി വരുന്നതാണ്. ‘ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്’ തുടങ്ങിയ പദങ്ങളാണ് ഈ സംഭവത്തെ വിശദീകരിക്കാനായി സോഷ്യൽ മീഡിയ ഉപയോഗിച്ചത്.
എന്താണ് സൗരോർജ കൊടുങ്കാറ്റ്
സൂര്യന്‍റെ ഉപരിതലത്തിൽ അപൂർവമായി സംഭവിക്കുന്ന പൊട്ടിത്തെറികൾ കാരണം വൈദ്യുത കാന്തിക തരംഗങ്ങളും, ചാർജ്ജുള്ള കണികകളും പുറന്തള്ളപ്പെടും. ഇതിനെയാണ് സൗരോർജ കൊടുങ്കാറ്റ് എന്നും സൗരവാതമെന്നും വിളിക്കുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കാറുണ്ട്. ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഗ്രഹമായതിനാൽ സൂര്യനിലുണ്ടാകുന്ന മാറ്റങ്ങൾ ഭൂമിയെ ഏറ്റവും കൂടുതൽ ബാധിക്കും. സോളാർ മാക്സിമവും തുടർന്ന് ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും വെറും കെട്ടുകഥകളല്ല എന്നതിന് ഉദാഹരണമുണ്ട്. 1859-ലെ കാരിംഗ്ടൺ സംഭവത്തിൽ ടെലിഗ്രാഫ് ലൈനുകൾ പൊട്ടിത്തെറിക്കുകയും ഓപ്പറേറ്റർമാർ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്തിരുന്നു.
കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ പോലുള്ള വലിയ തോതിലുള്ള സംവിധാനങ്ങളെ സൗരോർജ്ജ കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്തരം തകരാറുകൾ മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും
വിദഗ്ധർ അഭിപ്രായപ്പെടുന്നു.