ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഏത് വേദിയിൽ വെച്ചും പരസ്യസംവാദത്തിന് തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിയുമായി എവിടെ വെച്ചും സംവാദത്തിന് തയ്യാറാണെന്നും എന്നാൽ മോഡി അതിന് തയ്യാറാകില്ലെന്നും രാഹുൽ ഗാന്ധി ലഖ്നൗവിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വ്യക്തമാക്കി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും രാഹുൽ പറഞ്ഞു.
നിങ്ങൾക്ക് ഞാൻ പറയുന്ന കാര്യം എഴുതിവെക്കാം. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ല. കനൗജിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങൾ പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിച്ചതിനാൽ ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പിക്ക് നിരവധി സീറ്റുകൾ നഷ്ടമാകുമെന്ന് ഗാന്ധി പറഞ്ഞു. “യു.പിയിൽ ഒരു ഇന്ത്യാ ബ്ലോക്ക് കൊടുങ്കാറ്റ് എത്തുകയാണ്, മാറ്റം കൊണ്ടുവരാനും ബി.ജെ.പിയെ പരാജയപ്പെടുത്താനും ആളുകൾ മനസ്സ് ഉറപ്പിച്ചിരിക്കുന്നു. ഭരിക്കുന്ന പാർട്ടിക്കാണ് ഇവിടെ (യു.പി.) ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരിക- അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ബ്ലോക്കും ബിജെപി-ആർഎസ്എസും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ റിപ്പബ്ലിക്കിൻ്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിങ്ങൾക്ക് ഒരു വശത്ത് ഇന്ത്യാ കൂട്ടായ്മയുണ്ട്, മറുവശത്ത് ബി.ജെ.പിയും ആർ.എസ്.എസും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങൾ തകർക്കാൻ ശ്രമിക്കുകയാണ്.
വായ്പകൾ എഴുതിത്തള്ളുന്നതിലൂടെ വൻകിട മുതലാളിമാർക്ക് അനുകൂലമായ നിലപാടാണ് മോദി സർക്കാർ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. പ്രതിപക്ഷം സർക്കാർ രൂപീകരിച്ചാലുടൻ ജാതി സെൻസസ് ആരംഭിക്കും. ജാതി സെൻസസിലൂടെ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നിങ്ങൾ എത്ര പേരുണ്ടെന്നും ഇന്ത്യയിൽ നിങ്ങളുടെ പങ്കാളിത്തം എന്താണെന്നും എല്ലാം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്തുന്ന ഇന്ത്യാ ബ്ലോക്കിൻ്റെ ചരിത്രപരമായ ഐക്യത്തിൻ്റെ പ്രകടനമാണ് സംയുക്ത റാലിയെന്ന് അഖിലേഷ് യാദവ് വിശേഷിപ്പിച്ചു. ബിജെപി ക്യാമ്പിൽ പരിഭ്രാന്തി പടർന്നിരിക്കുകയാണ്. എസ്പിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും മറ്റ് സഖ്യകക്ഷികളും ഒന്നിച്ചതോടെ ബിജെപിയുടെ കണക്കുകൂട്ടലുകളെല്ലാം പാളി. ജൂൺ 4 ന് ഫലം ചരിത്രപരമാകുമെന്നും അദ്ദേഹം പറഞ്ഞു.