കുവൈത്ത് സിറ്റി- കുവൈത്തിന്റെ അടുത്ത കിരീടാവകാശിയെ തെരഞ്ഞെടുക്കുന്നതിൽ ചിലർ ഇടപെടാൻ ശ്രമിക്കുന്നതായി കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ മുഹമ്മദ് അൽ ജാബിർ അൽ സ്വബാഹ്. രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്. ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച അമീർ, ഭരണഘടനയിലെ ചില വ്യവസ്ഥകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായും അറിയിച്ചു.
സാമൂഹിക സുരക്ഷാ നിയമങ്ങൾ പുനഃപരിശോധിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അമീർ വ്യക്തമാക്കി. ജുഡീഷ്യറി, സുരക്ഷ എന്നീ രണ്ട് അടിസ്ഥാന സ്തംഭങ്ങളിൽ അധിഷ്ഠിതമാണ് രാജ്യം. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ബഹുമാനം ഭരണ സംവിധാനത്തോടുള്ള ബഹുമാനമാണ്. അവരുടെ അന്തസ്സ് വിട്ടുവീഴ്ച ചെയ്യാൻ ഞാൻ അനുവദിക്കില്ല.”
“നമ്മുടെ രാജ്യം പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്, ഈ സാഹചര്യങ്ങളിൽ നിന്ന് കരകയറണം. ഭരണഘടനാ ചട്ടങ്ങൾ ലംഘിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ചിലർ വെച്ചുപൊറുപ്പിക്കാനാവാത്ത വിധം അതിരു കടക്കുകയാണ്. ചില പ്രതിനിധികൾ അമീറിൻ്റെ അധികാരങ്ങളുടെ കാതലായ ഭാഗങ്ങളിൽ ഇടപെടാൻ വരെ തയ്യാറായി. രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ തടസ്സപ്പെടുത്തുന്നതും പൊതു പണം പാഴാക്കുന്നതും അനുവദനീയമല്ല.
ആരും നിയമത്തിന് അതീതരല്ല. പൊതുപണം കൈപ്പറ്റുന്ന ആരായാലും അയാളുടെ സ്ഥാനമോ ശേഷിയോ പരിഗണിക്കാതെ ശിക്ഷിക്കപ്പെടും. സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്തസ്സ് വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ല.
സുരക്ഷ വളരെ പ്രധാനപ്പെട്ട വിഷയമാണ് അതിൽ താൻ അതീവ ശ്രദ്ധ ചെലുത്തും. മുൻ വർഷങ്ങളിൽ രാജ്യം അനുഭവിച്ച അനാരോഗ്യകരമായ അന്തരീക്ഷം അഴിമതിയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചുവെന്നും അമീർ പറഞ്ഞു.