ഖാർത്തൂം- സുഡാനിൽ സ്വർണ ഖനി തകർന്ന് 60 പേർ മരിച്ചു. നിരവധി തൊഴിലാളികളെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ദക്ഷിണ സുഡാനിലെ വെസ്റ്റ് കുർദുഫാൻ പ്രവിശ്യയിൽ അൽ നഹുദ് നഗരത്തിന് സമീപമുള്ള അൽ സാറ ഖനിയിലാണ് അപകടം. ഖനിക്കുള്ളിൽ വളരെ അടുത്തടുത്തായി തുരങ്കങ്ങൾ നിർമ്മിച്ചതിനെ തുടർന്ന് ഇവ തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മതിയായ ആധുനിക യന്ത്രസാമഗ്രികളില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് മണ്ണും പാറകളും നീക്കിയാണ് തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുന്നത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് തൊഴിലാളികൾ പറയുന്നു.
സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം കാരണം തകർന്ന സാമ്പത്തികാവസ്ഥയും തൊഴിലില്ലായ്മയും ലക്ഷക്കണക്കിന് ആളുകളെ ഇത്തരം അനധികൃതവും സുരക്ഷിതമല്ലാത്തതുമായ സ്വർണ ഖനികളിലേക്ക് ആകർഷിക്കുന്നുണ്ട്. ആവശ്യത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സുഡാനിലെ പരമ്പരാഗത സ്വർണഖനികളിൽ അപകടങ്ങൾ പതിവാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







