ബഗ്ദാദ്- പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്ന് ഡസൻ കണക്കിന് ഡ്രോണുകളും പ്രൊജക്ടൈലുകളും പിടിച്ചെടുത്തതായി ഇറാഖ് അധികൃതർ അറിയിച്ചു. ഇവയുടെ ഉത്ഭവവും അതിൽ ഉൾപ്പെട്ട കക്ഷികളെയും നിർണ്ണയിക്കാൻ അന്വേഷണം ആരംഭിച്ചു. കൃത്യമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നും മുമ്പ് ടയർ റിപ്പയർ ഷോപ്പായിരുന്ന 35-ാം ഡിസ്ട്രിക്റ്റിലെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയതെന്നും അൻബാർ പോലീസ് കമാൻഡ് അറിയിച്ചു.
സ്ഥലത്ത് നടത്തിയ തിരച്ചിലിൽ 47 ഡ്രോണുകൾ, ആക്രമണ ഡ്രോണുകളുമായി ബന്ധിപ്പിക്കാനും ഉപയോഗിക്കാനും തയ്യാറാക്കിയ 46 പ്രൊജക്ടൈലുകൾ, കൺട്രോൾ ഉപകരണങ്ങൾ, ബാറ്ററികൾ, അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങൾ, വസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെത്തി. സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും അൻബാർ പോലീസ് വിശദീകരിച്ചു. ഡ്രോണുകളുടെയും പ്രൊജക്ടൈലുകളുടെയും ഉത്ഭവം നിർണ്ണയിക്കാനും ഉൾപ്പെട്ടവരെ തിരിച്ചറിയാനും ബന്ധപ്പെട്ട അധികാരികൾ അന്വേഷണാവും സാങ്കേതിക നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷനുമായി ബന്ധപ്പെട്ട് അധികാരികൾ ഇതുവരെ അറസ്റ്റുകൾ പ്രഖ്യാപിച്ചിട്ടില്ല.
ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
ആയുധങ്ങൾ സർക്കാർ നിയന്ത്രണത്തിൽ ഏകീകരിക്കാനും സുരക്ഷാ തീരുമാനങ്ങൾ ഏകീകരിക്കാനുമുള്ള ശ്രമങ്ങൾ ഇറാഖ് സർക്കാർ ശക്തമാക്കുന്നതിനിടെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. സിൻജാർ സായുധ വിഭാഗങ്ങൾ വൈകാതെ അവരുടെ ആയുധങ്ങൾ സർക്കാരിന് കൈമാറാൻ തുടങ്ങുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽസൈദി ഇന്നലെ അറിയിച്ചു. മൗണ്ട് സിൻജാർ പ്രദേശം ഫെഡറൽ ഗവൺമെന്റിന്റെയും അതിന്റെ സുരക്ഷാ, ഭരണ സ്ഥാപനങ്ങളുടെയും പൂർണ്ണ അധികാരത്തിലായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തിൽ അധികാരമേറ്റതിനുശേഷം, സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കുമെന്ന് അലി അൽസൈദി പ്രതിജ്ഞ ചെയ്തു. ഔദ്യോഗിക സ്ഥാപനങ്ങൾക്ക് പുറത്തുള്ള ആയുധങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കാനും ഇല്ലാതാക്കാനും ഏതാനും സായുധ ഗ്രൂപ്പുകളുമായി സർക്കാർ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഏതാനും ഗ്രൂപ്പുകൾ ആയുധങ്ങൾ കൈമാറി സിവിലിയൻ ജീവിതവുമായി സംയോജിച്ചതായി സർക്കാർ നേരത്ത അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ മറ്റ് ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ തുടരുകയാണ്.







