ബഗ്ദാദ്: സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാഖിലെ ഭൂമിയാണെന്ന് മണ്ണാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ സൈനിക കമാൻഡറെ പുറത്താക്കി. ഇറാഖിലെ മെയ്സാൻ ഗവർണറേറ്റിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് മെയ്സാൻ മിലിട്ടറി ഓപ്പറേഷൻസ് കമാൻഡറെയാണ് പ്രധാനമന്ത്രി അലി അൽസൈദി സ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടത്.
സംഭവത്തിൽ അടിയന്തരവും വിശദവുമായ അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഉത്തരവാദികളായ ഗ്രൂപ്പുകളെയും തിരിച്ചറിഞ്ഞ് കർശന നിയമനടപടികൾ സ്വീകരിക്കും.
സൗദിക്കെതിരായ ആക്രമണത്തെ ഇറാഖ് സർക്കാർ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള ഏത് കടന്നുകയറ്റവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാഖ്, അയൽരാജ്യങ്ങളുമായുള്ള നല്ല ബന്ധവും അന്താരാഷ്ട്ര നിയമങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. സാഹചര്യം നിയന്ത്രിക്കാനുള്ള ഇറാഖിന്റെ ശ്രമങ്ങൾക്ക് സൗദി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച സർക്കാർ, സ്വന്തം ഭൂപ്രദേശമോ വ്യോമാതിർത്തിയോ മറ്റ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് വിട്ടുനൽകില്ലെന്ന് ആവർത്തിച്ചു.







