സമസ്ത പുറപ്പെടുവിച്ച സർക്കുലറിന്റെ പശ്ചാത്തലത്തിൽ സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ കേന്ദ്രങ്ങൾ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന വാദം ശക്തമാകുന്നു. സി.പി.എം, കോൺഗ്രസ് നേതാക്കളാണ് കാന്തപുരത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. മതാഘോഷങ്ങളിൽ അന്യസംസ്കാരങ്ങൾ കൂട്ടിക്കലർത്തരുതെന്നും സ്ത്രീകളെ പൊതുവേദിയിൽ പ്രദർശനത്തിന് വെക്കരുതെന്നുമുള്ള സമസ്തയുടെ ആഹ്വാനമാണ് പുതിയ സംവാദങ്ങൾക്ക് വഴിവെച്ചത്.
സ്വന്തം സമുദായത്തിലെ വിശ്വാസികളുടെ ധാർമിക അച്ചടക്കത്തെക്കുറിച്ചാണ് കാന്തപുരം സംസാരിച്ചതെന്നും, മറ്റു മതക്കാരുടെ ആചാരങ്ങളിലോ രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിലോ സമസ്ത ഇടപെടാറില്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നു. മുൻപും ഇതേ നിലപാട് വ്യക്തമാക്കിയിട്ടുള്ള കാന്തപുരത്തെ തിരഞ്ഞെടുപ്പ് വേളകളിൽ മാത്രം തേടിയെത്തുന്ന നേതാക്കൾ, ഇപ്പോൾ വിറളിപൂണ്ട് വ്യക്തിഹത്യ നടത്തുന്നത് കേവലം രാഷ്ട്രീയ ഇരട്ടത്താപ്പാണ്. അടുത്തൊന്നും തിരഞ്ഞെടുപ്പുകൾ ഇല്ലെന്നതും ഇത്തരം കടന്നാക്രമണങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമർശനങ്ങളെ ഭയന്ന് നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാന്തപുരം ഉറപ്പിച്ചു പറയുന്നു. “ഞങ്ങൾ മതം പഠിച്ചവരാണ്, അത് പറയൽ ഞങ്ങളുടെ നിർബന്ധ ബാധ്യതയാണ്. അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സമുദായത്തിന് ആത്മവിശ്വാസം പകരുന്നതാണ്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, എ.കെ. ബാലൻ, മുൻ സ്പീക്കർ എ.എൻ. ഷംസീർ, കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ജിന്റോ ജോൺ തുടങ്ങിയവരാണ് കാന്തപുരത്തിനെതിരെ വിമർശനമുന്നയിച്ചത്.
അതേസമയം, രാഷ്ട്രീയ നേതാക്കളുടെ ഈ വിമർശനങ്ങളെ ശക്തമായ ഭാഷയിലാണ് എസ്.എസ്.എഫും സമസ്ത നേതാവ് റഹ്മത്തുല്ല സഖാഫിയും നേരിട്ടത്. പ്രത്യാശാസ്ത്ര ശാഠ്യങ്ങൾ പാർട്ടി ക്ലാസുകളിൽ മതിയെന്ന് എസ്.എസ്.എഫ് അഭിപ്രായപ്പെട്ടു. സമസ്തയുടെ സർക്കുലർ സമുദായത്തിന് നൽകിയ ആന്തരിക നിർദ്ദേശം മാത്രമാണെന്നും, ഒരു പ്രസ്ഥാനത്തിന്റെ ആന്തരിക സ്വാതന്ത്ര്യത്തിൽ പുറത്തുനിന്നുള്ളവർ നടത്തുന്ന ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്നും റഹ്മത്തുല്ല സഖാഫി വ്യക്തമാക്കി. സ്ത്രീകൾക്ക് അർഹമായ അവകാശങ്ങളും സുരക്ഷയും നൽകിയ മതമാണ് ഇസ്ലാമെന്നും, പുരോഗമനമെന്ന പേരിൽ പ്രകൃതിവിരുദ്ധ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







