മദീന: അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രതിനിധി ഡോ.ഹുസൈൻ മടവൂർ മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ വിവിധ കോളെജ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി.
കോളെജ് ഓഫ് അറബിക് ലാംഗ്വേജ് ഡീൻ ഡോ.ഇബ്റാഹിം അൽ സാഇദ് , കോളെജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡയരക്ടർ ഡോ. ബദർ സഹീരി, അഡ്മിഷൻ ആൻറ് റജിസ്ട്രേഷൻ ഡയരക്ടർ ഡോ. ഹിശാം അൽ ഉബൈദ് തുടങ്ങിയവരുമായാണ് ചർച്ച നടത്തിയത്.
1961 ൽ സ്ഥാപിതമായ മദീനാ യൂണിവേഴ്സിറ്റിയിലിപ്പോൾ നൂറ്റി എഴുപത് രാഷ്ട്രങ്ങളിൽ നിന്നുള്ള ഇരുപത്തിരണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ അഞ്ഞൂറോളം പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
പ്ലസ് ടൂ പാസായ കുട്ടികൾക്കാണ് പ്രവേശനം. അനറബി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഡിഗ്രി പ്രവേശനത്തിന്ന് മുമ്പായി രണ്ട് വർഷത്തെ അറബി ഭാഷാ കോഴ്സ് പൂർത്തിയാക്കണം. അവരുടെ അറബി ഭാഷാ പരിജ്ഞാനമനുസരിച്ച് ഭാഷാ പഠന കോഴ്സിൻ്റെ കാലാവധിയിൽ ഇളവ് അനുവദിക്കും. യൂണിവേഴ്സിറ്റി വെബ് സൈറ്റിലൂടെ ഓൺലൈൻ ആയാണ്
അപേക്ഷ അയക്കേണ്ടത്. മെരിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാന ടിക്കറ്റും ഹോസ്റ്റൽ സൗകര്യവും പഠനവും സൗജന്യമാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി അക്കാദമിക തല സഹകരണത്തിന്ന് മദീനാ യൂണിവേഴ്സിറ്റി സന്നദ്ധമാണെന്ന്
അധികൃതർ അറിയിച്ചതായി ഡൽഹിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എച്ച് ആർ ഡി എഫ്) ചെയർമാൻ കൂടിയായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.