കണ്ണൂർ – കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് യുവതി കൂടി പിടിയിൽ. കള്ളനോട്ടുകളുമായി പയ്യന്നൂർ സ്വദേശി പോലീസ് പിടിയിലായതിന് പിന്നാലെയാണ് പെരിങ്ങോം സ്വദേശിനിയായ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടറായ യുവതിയും പിടിയിൽ. പടന്നയിലെ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടർ പാടിയോട്ടു ചാൽ ഏച്ചിലം പാറ സ്വദേശിനി പി.ശോഭ(45)യെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ സുഭാഷ് ബാബുവി ന്റെ നേതൃത്വത്തിൽ എസ്. ഐ.എം. സവ്യസാചിയും സംഘവും പിടികൂടിയത്. പാടിയോട്ടുചാലിലെ വീട്ടിൽ നിന്നും ടൗൺ പോലീസാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ചീമേനിയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം വൈകുന്നേരം യുവതിനൽകിയ അഞ്ഞൂറിൻ്റെ കള്ളനോട്ട് പമ്പ് ജീവനക്കാർ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീമേനി പോലീസിന് വിവരവും കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂർ കണ്ടോത്ത് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കിട്ടുവയൽ സ്വദേശിയും ചെറുവത്തൂരിൽ വാഹനമെക്കാനിക്കുമായ എം. എ.ഷിജു (36) വിനെ കാൾടെക്‌സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിൽ അഞ്ച് അഞ്ഞൂറിന്റെ കള്ളനോട്ട് നൽകിയ സംഭവത്തിൽ ടൗൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് ശോഭയാണ് രണ്ടായിരം രൂപയുടെ നോട്ടിന് അഞ്ഞൂറിൻ്റെ നോട്ടുകൾ നൽ കിയതെന്ന് മൊഴി നൽകിയത്.ഇയാൾ റിമാൻ്റിൽ കഴി യുകയാണ്.
എന്നാൽ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പിടിയിലായ യുവതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.