കയ്‌റോ: ഈജിപ്തിലെ ദഖഹ്‌ലിയ ഗവർണറേറ്റിലെ മിത് അൻതർ ഗ്രാമത്തിൽ അമ്മ 11 വയസ്സുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. മാനസികാസ്വസ്ഥ്യമുള്ള യുവതി കുട്ടിയെ കഴുത്ത് ഞെരിച്ചും കത്രിക ഉപയോഗിച്ച് പലതവണ കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ഒരു വർഷം മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞതിനെ തുടർന്ന് ഇവർ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കൃത്യത്തിന് ശേഷം കുട്ടിയുടെ മൃതദേഹം തുണി ഉപയോഗിച്ച് മൂടിയ ശേഷം യുവതി വീട്ടിൽ നിന്ന് കടന്നുകളഞ്ഞു. പിന്നീട് മുത്തച്ഛനാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ സുരക്ഷാ സേന ആക്രമണത്തിന് ഉപയോഗിച്ച കത്രിക കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ, റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.







