അബുദാബി: ഡ്രോൺ, വ്യോമാക്രമണങ്ങളിൽ നിന്ന് ഊർജ സംഭരണ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി അബുദാബിയിലെ പ്രധാന ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകളുടെ നിർമ്മാണം പൂർത്തിയാക്കി. സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് സുരക്ഷയൊരുക്കാനും സ്ഫോടനങ്ങളുടെ ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഏകദേശം നാല് മാസത്തെ പ്രവൃത്തികൾക്ക് ശേഷം പ്രതിരോധ സംവിധാനം സജ്ജമാക്കിയത്. ഡ്രോണുകൾ നേരിട്ട് ടാങ്കുകളിൽ പതിക്കുന്നത് തടയാൻ ‘സ്പേസ്ഡ് ആർമർ’ മാതൃകയിലാണ് ഈ മെറ്റൽ ഗ്രിഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രോൺ വന്ന് ഇടിക്കുമ്പോൾ തന്നെ സ്ഫോടകവസ്തുക്കൾ മുൻകൂട്ടി പൊട്ടിത്തെറിക്കാനോ അതിന്റെ ആഘാതശേഷി കുറയ്ക്കാനോ ഈ കമ്പിവലകൾക്ക് സാധിക്കും. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ സൈനിക വാഹനങ്ങൾക്കും എണ്ണ സംഭരണികൾക്കും സംരക്ഷണം നൽകാൻ ഉപയോഗിച്ച സമാനമായ ‘കോപ്പ് കേജ്’ സാങ്കേതികവിദ്യയാണ് യു.എ.ഇയും മാതൃകയാക്കിയിരിക്കുന്നത്. കൂറ്റൻ ലോഹ കൂടുകളാൽ മൂടിയ ഇന്ധന സംഭരണ ടാങ്കുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. മുൻകാലങ്ങളിലുണ്ടായ ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ തന്ത്രപ്രധാനമായ ഊർജ മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതിരോധ സംവിധാനങ്ങൾ യു.എ.ഇ ഏർപ്പെടുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







