ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ ലിയു ഷെങ് ഷു, ടാന്‍ നിങ് എന്നിവരോടാണ് ഇന്ത്യാ സംഖ്യം പൊരുതിതോറ്റത്
ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്‍ന്നുള്ള സഖ്യത്തിന് വെങ്കലം. വനിതാ ഡബിള്‍സ് സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ ലിയു ഷെങ് ഷു, ടാന്‍ നിങ് എന്നിവര്‍ക്കെതിരെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗായത്രിയും മലയാളിയായ ട്രീസയും പരാജിയ സമ്മതിച്ച് വെങ്കലത്തില്‍ മുത്തമിട്ടത്. ഇന്ത്യന്‍ ജോഡിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും, ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 21-18, 13-21, 8-21 എന്ന സ്‌കോറിന് ചൈനീസ് ജോഡിക്കെതിരെ തോല്‍വി വഴങ്ങി. 2011 ല്‍ ലണ്ടനില്‍ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയപ്പോഴാണ് ഇന്ത്യ അവസാനമായി ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സില്‍ മെഡല്‍ നേടിയത്.
ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി എക്കാലത്തെയും വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യന്‍ സഖ്യം കളത്തിലിറങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച ജോഡിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണോത്സുകമായ ബാഡ്മിന്റണാണ് ആദ്യ ഗെയിമില്‍ ഗായത്രിയും ട്രീസയും പുറത്തെടുത്തത്. ആദ്യ ഗെയിമില്‍ 14-16 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍, ടാനും ലിയു നല്‍കിയ ദുര്‍ബലമായ ലിഫ്റ്റില്‍ ട്രീസ നടത്തിയ ജമ്പ് സ്മാഷ് ഇന്ത്യയുടെ ആക്രമണോത്സുകത വിളിച്ചോതുന്നതായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടത്തില്‍ 15-18 ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി ആറു പോയിന്റുകള്‍ നേടി ഗായത്രിയും ട്രീസയും ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്‍ സഖ്യം അതേ ആവേശം നിലനിര്‍ത്തി. എന്നാല്‍ 12-12 എന്ന സ്‌കോറില്‍ മത്സരത്തിന്റെ ഗതി മാറി. ടാനും ലിയുവും കൂടുതല്‍ സംയമനത്തോടെ കളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധമായ പിഴവുകള്‍ കടന്നുകൂടുകയും പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത ചൈനീസ് സഖ്യം തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ നേടി രണ്ടാം ഗെയിം 21-13 ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലെ ആധിപത്യം മൂന്നാം ഗെയിമിലും ചൈനീസ് ജോഡി തുടര്‍ന്നു. ചൈനീസ് താരങ്ങളുടെ വേഗതയ്ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഗായത്രി-ട്രീസ സഖ്യത്തിനായില്ല. മൂന്നാം ഗെയിം അവര്‍ 8-21 ന് കൈവിട്ടു.ഇതോടെ വെങ്കലത്തില്‍ ഇന്ത്യന്‍ സംഖ്യം തൃപ്തിപെടേണ്ടി വന്നു.







