‘പേജ് മറക്കൂ, ലോകത്തെ വായിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവ പ്രമേയം
അബൂദബി: 35ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) നടക്കും. ‘പേജ് മറക്കൂ, ലോകത്തെ വായിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
അറബ് ഭാഷാശാസ്ത്രജ്ഞനായ ഖലീല്‍ ഇബ്‌നു അഹ്മദ് അല്‍ ഫറാഹിദിയാണ് ഇത്തവണത്തെ കേന്ദ്ര പ്രമേയ വ്യക്തിത്വം.
95 രാജ്യങ്ങളില്‍ നിന്നുള്ള അച്ചടിപ്രസാധന സ്ഥാപനങ്ങളും ലോകമെമ്പാടുമുള്ള
പ്രമുഖ എഴുത്തുകാരും ചിന്തകരും ഗവേഷകരും പങ്കെടുക്കും.ഈ വര്‍ഷത്തെ മേളയുടെ ഭാഗമായി ‘ബാല്‍ക്കന്‍’ മേഖലയെ അതിഥി രാജ്യമായി ആദരിക്കും.
35 വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി, ഇത്തവണ പ്രത്യേക ഉല്‍ഘാടന ചടങ്ങ് സംഘടിപ്പിക്കും. യു.എ.ഇയുടെ സാംസ്‌കാരിക യാത്രയെ പ്രതിഫലിപ്പിക്കുന്ന സംഗീത പരിപാടികളും ഖലീല്‍ ഇബ്‌നു അഹ്മദ് അല്‍ ഫറാഹിദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നാടകാവിഷ്‌കാരവും ഇതിന്റെ ഭാഗമായി അരങ്ങേറും.
അറബ് ലോകത്തെ പ്രമുഖ കവികള്‍ പങ്കെടുക്കുന്ന ‘പോയട്രി നൈറ്റ്‌സ്’ എന്ന പുതിയ സാംസ്‌കാരിക പരിപാടിയും ഇത്തവണ ആരംഭിക്കും. പ്രസാധന രംഗത്തെ പുത്തന്‍ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പ്രഫഷനല്‍ കോണ്‍ഫറന്‍സ്, കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള സര്‍ഗ്ഗാത്മകവിദ്യാഭ്യാസ ശില്‍പശാലകള്‍ എന്നിവയും ഉണ്ടായിരിക്കും.
ഇതോടൊപ്പം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗ്രന്ഥരചന, വിവര്‍ത്തനം, ഗവേഷണം എന്നിവക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി പ്രഖ്യാപിക്കുന്ന 2026ലെ ശൈഖ് ‘സായിദ് ബുക്ക് അവാര്‍ഡ്’ വിതരണവും മേളയില്‍ നടക്കും.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പിന്റെ (ഡി.സി.ടി) ഭാഗമായ അബൂദബി അറബിക് ലാംഗ്വേജ് സെന്ററാണ് (എ.എല്‍.സി) മേള സംഘടിപ്പിക്കുന്നത്.







