തബൂക്ക്: ഔദ്യോഗിക സന്ദർശനാർത്ഥം തബൂക്കിലെത്തിയ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ എച്ച്. ഇ. ഫഹദ് അഹമ്മദ് ഖാൻ സൂരിക്ക് ഒ.ഐ.സി.സി (OICC) തബൂക്ക് സെൻട്രൽ കമ്മിറ്റി നിവേദനം നൽകി. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ഫീസ് വർധനവുമാണ് നിവേദനത്തിലെ പ്രധാന വിഷയങ്ങൾ.
ഇന്ത്യൻ സ്കൂളുകളിൽ നടപ്പിലാക്കിയ അമിതമായ ഫീസ് വർധനവ്, ഫീസ് അടയ്ക്കാൻ വൈകുന്നതിനനുസരിച്ച് ഈടാക്കുന്ന പിഴത്തുക, പ്രാക്ടിക്കൽ പഠനത്തിന് ആവശ്യമായ ലാബ് സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ കോൺസുൽ ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
മദീന റോഡിലെ വി.എൽ.എസ് അറീന ഓഡിറ്റോറിയത്തിൽ ‘ഇന്ത്യൻ കമ്മ്യൂണിറ്റി ഇൻ തബൂക്ക്’ (ICT) സംഘടിപ്പിച്ച ‘മർഹബ തബൂക്ക്’ ചടങ്ങിൽ വെച്ചാണ് പ്രതിനിധികൾ നിവേദനം കൈമാറിയത്. ഒ.ഐ.സി.സി നേതാക്കളായ മുസ്തഫ പട്ടാമ്പി, നൗഷാദ് കരുനാഗപ്പള്ളി, ആമിർ സാദിൻ, ഷറഫു മുത്തേടം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.







