റിയാദ്: തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലെയും പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ സൗദിയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് (സൗദിയ) സർവീസ് പുനരാരംഭിക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവർക്കും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾക്കും പ്രധാന ആശ്രയം തിരുവനന്തപുരം വിമാനത്താവളമാണ്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൗദിയ മുൻപ് നേരിട്ട് സർവീസ് നടത്തിയിരുന്നെങ്കിലും 2019-ൽ അത് നിർത്തിവെക്കുകയായിരുന്നു.
നേരിട്ടുള്ള സർവീസ് ഇല്ലാത്തതിനാൽ നിലവിൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ആശ്രയിച്ച് ദീർഘദൂരം റോഡ് മാർഗം സഞ്ചരിക്കേണ്ടി വരുന്നു. മറ്റു നഗരങ്ങൾ വഴിയുള്ള കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കുന്നത് അധിക ചെലവിനും സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സൗദിയിലെ സർക്കാർ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഔദ്യോഗിക യാത്രകൾക്ക് സൗദിയ ടിക്കറ്റുകളാണ് സാധാരണയായി ലഭിക്കാറുള്ളത്. നേരിട്ടുള്ള വിമാനമില്ലാത്തത് കുടുംബവുമായി യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും രോഗികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. 30 മുതൽ 45 ദിവസം വരെ മാത്രം വാർഷിക അവധി ലഭിക്കുന്ന പ്രവാസികൾക്ക് യാത്രയ്ക്കായി നഷ്ടപ്പെടുന്ന ഓരോ ദിവസവും ഏറെ പ്രധാനപ്പെട്ടതാണെന്നും ഫോറം വ്യക്തമാക്കി.
ഈ ആവശ്യമുന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (ഗാക) വിവിധ ഘട്ടങ്ങളിൽ ഫോറം നിവേദനം നൽകിയിട്ടുണ്ട്. അടൂർ പ്രകാശ് എം.പി വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും റിയാദിലെ ഇന്ത്യൻ അംബാസഡർക്കും ഫോറം നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ഗവൺമെന്റിൽ നിന്ന് ആവശ്യമായ അനുമതികൾ ലഭിക്കുകയാണെങ്കിൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്താൻ സൗദി എയർലൈൻസ് സന്നദ്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി റിയാദ് മീഡിയ ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരി ഷിഹാബ് കൊട്ടക്കാട്, ചെയർമാൻ ഡോ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം ഷാജു പത്തനാപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







