തിരൂരങ്ങാടി: മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വര്‍ (44) ആണ് തിരൂരങ്ങാടി പൊലീസിന്റെ പിടിയിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വോയ്സുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നാട്ടില്‍ കലാപത്തിനും സമൂഹത്തില്‍ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പ്രതി നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. നിരവധി മഹല്ലുകളുടെ ഖാസിയായ സാദിഖലി ശിഹാബ് തങ്ങളെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയെന്നും പാണക്കാട് കുടുംബത്തിനെതിരെ വ്യാജ പോസ്റ്ററുകള്‍ നിരന്തരം പ്രചരിപ്പിച്ചുവരുന്ന വ്യക്തിയാണ് അന്‍വറെന്നും യു.എ. റസാഖ് പറഞ്ഞു.
ബുധനാഴ്ച്ച രാവിലെയാണ് തിരൂരങ്ങാടി പൊലീസ് അന്‍വറിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 192, കേരള പൊലീസ് ആക്ടിലെ വകുപ്പ് 120 എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







