കണ്ണൂർ – ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂരിൽ രണ്ടാം ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് മുടങ്ങി. കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു.
അവസാന നിമിഷമാണ് ഇന്ന് പുലർച്ചെ 4.20 ന് പുറപ്പെടേണ്ടിയിരുന്ന
ഷാർജ വിമാനം കാൻസൽ ചെയ്ത അറിയിപ്പെത്തുന്നത്. കണ്ണൂരിൽ നിന്ന് ഇതുവരെ 4 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇന്നലെ കണ്ണൂരിൽ പുലർച്ചെ പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ
എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. മസ്കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സർവീസ് നിർത്തിവെച്ചത്. രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്.
ജീവനക്കാർ കൂട്ട അവധിയെടുത്തിനെ തുടർന്ന് 86 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ അപ്രതീക്ഷിത സമരം തുടരുകയാണ്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി തീർന്നവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും.
യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്. 300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്. നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾ ഇതേ തുടർന്ന് റദ്ദാക്കി. ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി.
വരും ദിവസങ്ങളിലും സർവീസ് മുടങ്ങുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group