റിയാദ്: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിവരുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്. പുതിയ വര്‍ഷത്തെ അംഗത്വ പ്രചരണ ക്യാമ്പയിന്‍ ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ റസാഖ് വളക്കൈക്ക് അപേക്ഷ ഫോമുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്താൻ സുരക്ഷ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിനോടകം അമ്പതിലധികം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം അഞ്ചു കോടിയിലധികം രൂപ ഈ പദ്ധതി വഴി നല്‍കുവാന്‍ സാധിച്ചു. ഏകദേശം നാല്‍പത് ലക്ഷത്തോളം രൂപയുടെ ചികിത്സ സഹായവും പ്രവാസികള്‍ക്ക് നല്‍കി. പദ്ധതി നടപ്പുവര്‍ഷത്തില്‍ മാത്രം പതിമൂന്ന് പേര് മരണമടയുകയും ഒരു കോടി മുപ്പത് ലക്ഷം രൂപ അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഒരാഴ്ച മുമ്പ് പാണക്കാട് നടന്ന ചടങ്ങില്‍ എട്ട് കുടുംബങ്ങള്‍ക്കുള്ള പണം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് കൈമാറിയത്. പദ്ധതിയില്‍ അംഗങ്ങളായിരിക്കെ കാന്‍സര്‍, കിഡ്‌നി രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ വരുന്നവര്‍ക്കാണ് ചികിത്സ സഹായങ്ങള്‍ നല്‍കി വരുന്നത്.
2026 ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പയിന്‍ നടക്കുക. പ്രവാസിയായിരിക്കെ റിയാദില്‍ നിന്ന് അംഗത്വം എടുത്തിട്ടുള്ള നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും പദ്ധതി അംഗത്വം പുതുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ അറുപതു വയസ്സ് കവിയാത്ത റിയാദില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സുരക്ഷ പദ്ധതിയില്‍ അംഗത്വം പുതുതായി എടുക്കുവാന്‍ കഴിയുക.
ക്യാമ്പയിന്‍ ഉദ്ഘാടന ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ യു പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. ക്യാമ്പയിന്‍ കാല പ്രവര്‍ത്തനങ്ങള്‍ സുരക്ഷ പദ്ധതി കണ്‍വീനര്‍ സിറാജ് മേടപ്പിലും പദ്ധതിയുടെ പുതിയ വെബ്‌സൈറ്റ് സംബന്ധിച്ച കാര്യങ്ങള്‍ പി സി മജീദും വിശദീകരിച്ചു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, ജലീല്‍ തിരൂര്‍, റഫീഖ് മഞ്ചേരി, അസീസ് വെങ്കിട്ട, നാസര്‍ മാങ്കാവ്, നജീബ് നെല്ലാംങ്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ല മണ്ഡലം ഏരിയ കമ്മിറ്റി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഷമീര്‍ പറമ്പത്ത് നന്ദിയും പറഞ്ഞു







