കൊച്ചി- ദൽഹിയിൽ നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മട്ടാഞ്ചേരിയിലുള്ള വീട്ടിൽനിന്നാണ് മോഹൻ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പരിശോധനയ്ക്കായി വീട്ടിൽ എത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടികളൊന്നും ഉണ്ടാവാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
“തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു” എന്നും, തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ച് രംഗം ശാന്തമാക്കുമായിരുന്നു എന്നും മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ വിവാദ പരാമർശം അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്.







