ജിദ്ദ: എല്ലാ ഗൾഫ് രാജ്യങ്ങളും ഒറ്റ വിസയിൽ സന്ദർശിക്കാൻ സാധിക്കുന്ന തരത്തിൽ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ 2024 ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപനം. ദുബായിയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുത്ത ഗൾഫ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷാവസാനത്തിന് മുമ്പ് ഏകീകൃത വിസ സംവിധാനം തയ്യാറാകുമെന്നും “ജിസിസി ഗ്രാൻഡ് ടൂറുകൾ” എന്നായിരിക്കും ഇതിനെ വിളിക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മേഖലയിൽ താമസിക്കുന്ന പ്രവാസികൾക്ക് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഈ വിസയിലൂടെ സാധിക്കും. വിസ ഉപയോഗിച്ച് ഒന്നിലധികം തവണ ഈ രാജ്യങ്ങളിൽ സന്ദർശിക്കാനാകും.
നിലവിൽ, വിനോദസഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന ഓരോ ഗൾഫ് രാജ്യത്തിനും പ്രത്യേക വിസ ആവശ്യമാണ്, എന്നാൽ പുതിയ സംവിധാനം എല്ലാ ജിസിസി രാജ്യങ്ങൾക്കുമിടയിൽ ഒറ്റവിസയിൽ യാത്ര അനുവദിക്കും. ഇത് ടൂറിസം മേഖലക്ക് കരുത്തു പകരം.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ റെയിൽവേ സംവിധാനവും മറ്റ് ഗതാഗത പദ്ധതികളും നടപ്പിലാക്കും. ടൂറിസം പാക്കേജുകളും പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ വർഷം മെയിലാണ് ഗൾഫ് രാജ്യങ്ങൾ ഏകീകൃത ഗൾഫ് വിസയുടെ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഷെങ്കൻ വിസക്ക് സമാനമായാണ് ഗൾഫ് ഏകീകൃത വിസയും എന്ന കാര്യം ശ്രദ്ധേയമാണ്.