തെഹ്റാന്: ഹോര്‍മുസ് കടലിടുക്കിലൂടെ ബദല്‍ ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കാനോ നടപ്പാക്കാനോ ശ്രമിക്കുന്ന യു.എസ് യുദ്ധക്കപ്പലുകള്‍ ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളായി മാറിയേക്കുമെന്ന് ഇറാന് ജനറല്‍ മുന്നറിയിപ്പ് നല്കി. കടലിടുക്കിലൂടെ അനധികൃത പാത ഇറാന് അനുവദിക്കില്ലെന്നും യു.എസ് കപ്പലുകള്‍ ബലപ്രയോഗത്തിലൂടെ പാത തുറക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ മുതിര്‍ന്ന ഉപദേഷ്ടാവും റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡറുമായ മേജര്‍ ജനറല്‍ മുഹ്സിന് റെസായി മുന്നറിയിപ്പ് നല്കി. ഇറാന്റെ പ്രതിരോധത്തിനുള്ള പ്രധാന ഉപകരണമായി ഹോര്‍മുസിനെ ഇറാന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചിട്ടുണ്ട്.
അവര്‍ ഒരു യുദ്ധക്കപ്പല്‍ കൊണ്ടുവന്നാല്‍, ഞങ്ങള്‍ ആ യുദ്ധക്കപ്പല്‍ ആക്രമിക്കും. അവര്‍ സൈനിക ശക്തികളെ കൊണ്ടുവന്നാല്‍, ഞങ്ങള്‍ അവരെ ആക്രമിക്കും ഇറാന്റെ എസ്.എന്‍.എന്‍ ടി.വി ചാനലിന് നല്കിയ അഭിമുഖത്തില്‍ മേജര്‍ ജനറല്‍ റെസായി പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് പല കപ്പലുകളും ഇപ്പോള്‍ പിന്തിരിയുന്നുണ്ട്. അതേസമയം, അമേരിക്കക്കാര്‍ തള്ളിവിടുന്ന കപ്പലുകള്‍ക്ക് ചില നാശനഷ്ടങ്ങള്‍ സംഭവിക്കുകയും പിന്നീട് സ്വയം തിരിച്ചുപോകുകയും ചെയ്യുന്നു. മാസങ്ങളായി യു.എസ് ആക്രമണങ്ങള്‍ നടത്തിയിട്ടും, ഇറാന്റെ നിലപാട് മാറ്റമില്ലാതെ തുടരുന്നു. അമേരിക്കയുടെ നിബന്ധനകള്‍ക്ക് വിധേയമായി ഹോര്‍മുസ് വീണ്ടും തുറക്കില്ല.
ഹോര്‍മുസില്‍ നിന്ന് മാറാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിനെ ഇറാന് നിര്ബന്ധതമാക്കി. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രാദേശിക കമാന്‍ഡ് ഖത്തറില്‍ നിന്ന് ജോര്‍ദാനിലേക്കും പിന്നീട് ജോര്‍ദാനില്‍ നിന്ന് ഇസ്രായിലിലേക്കും മാറ്റാനും ഇറാന് നിര്‍ബന്ധിതമാക്കി. ഖത്തറിലുണ്ടായിരുന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്, കമാന്‍ഡ് സെന്റര്‍ ഒരു ഘട്ടത്തില്‍ ജോര്‍ദാനിലേക്ക് മാറ്റി. ഞങ്ങള്‍ ജോര്‍ദാനില്‍ ശക്തമായി ആക്രമിച്ചു. തുടര്‍ന്ന് കമാന്‍ഡ് സെന്റര്‍ ജോര്‍ദാനില്‍ നിന്ന് ഇസ്രായിലിലേക്ക് മാറ്റി. ഇറാന് ആക്രമണങ്ങള്‍ കുവൈത്തിലെ യു.എസ് കേന്ദ്രങ്ങള്‍ അവശിഷ്ടങ്ങള്‍ ആക്കി മാറ്റി. നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥരെ എര്‍ബിലില്‍ നിന്ന് ഒഴിഞ്ഞുപോകാനും ഇറാന് ആക്രമണങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി റെസായി കൂട്ടിച്ചേര്‍ത്തു. ഇറാനെതിരായ യുദ്ധം പ്രാദേശിക സ്ഥാനത്ത് നിന്ന് കൈകാര്യം ചെയ്യാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആഗ്രഹിച്ചു. എന്നാല്‍ ഇറാന് യു.എസ് കമാന്‍ഡിനെ പിന്നോട്ട് നീക്കിയതായി റെസായി പറഞ്ഞു.
ഇറാന് നിയന്ത്രിക്കുന്ന ഇടനാഴിയിലൂടെ വാണിജ്യ കപ്പല്‍ ഗതാഗതം ഭൗതികമായി വീണ്ടും തുറക്കാനുള്ള യു.എസ് ശ്രമത്തിനെതിരായ മുന്നറിയിപ്പാണ് റെസായിയുടെ പുതിയ പരാമര്‍ശങ്ങള്‍. ഹോര്‍മുസിലെ കപ്പല്‍ പാതകള്‍ അനധികൃതമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് സൈനിക നടപടി നേരിടേണ്ടിവരുമെന്ന് ഇറാന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈയില്‍, ട്രാക്കിംഗ് സിസ്റ്റം ഓഫ് ചെയ്യുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ചെയ്ത കപ്പലിന് നേരെ വെടിയുതിര്‍ക്കുകയും നിര്‍ത്താന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. യു.എസ് ഇടപെടല്‍ അവസാനിക്കുന്നതുവരെ കടലിടുക്ക് അടച്ചിട്ടതായി ഇറാന് പ്രഖ്യാപിച്ചു.
ഹോര്‍മുസ് കടലിടുക്കിന്റെ ഉപരോധത്തിന് പകരം ഇറാന് തുറമുഖങ്ങള്‍ക്കെതിരെ ഉപരോധം നടപ്പാക്കുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഇറാന് തുറമുഖങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 44 കപ്പലുകളെ യു.എസ് സൈന്യം വഴിതിരിച്ചുവിട്ടതായും ഏതാനും ടാങ്കറുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
അറേബ്യന്‍ ഉള്‍ക്കടലിനെ ഒമാന്‍ ഉള്‍ക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളില്‍ ഒന്നാണ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തര്‍, യു.എ.ഇ എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് ഉല്പാദകരില് നിന്നുള്ള അസംസ്കൃത എണ്ണ, ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങള്, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ കയറ്റുമതിക്ക് ഹോര്‍മുസിലെ തടസ്സം ഭീഷണിയാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






