ഏദൻ: പേർഷ്യൻ ഉൾക്കടലിലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്വീകരിക്കുന്ന തന്ത്രങ്ങൾ പകർത്തി, ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽമന്ദബിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഹൂത്തി മിലിഷ്യകൾ ശ്രമിക്കുന്നതായി യെമൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി അഫ്രഹ് അൽസൗബ വ്യക്തമാക്കി.
ചെങ്കടലിലൂടെയുള്ള കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ അന്താരാഷ്ട്ര പ്രതികരണം ഉണ്ടാകാത്തതാണ് ഹൂത്തികൾക്ക് കൂടുതൽ തുനിഞ്ഞിറങ്ങാൻ ധൈര്യം നൽകുന്നത്. കപ്പൽ ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് തങ്ങളുടെ അധികാരം ഉറപ്പിക്കാനുള്ള ശ്രമം അന്താരാഷ്ട്ര വ്യാപാര-വിതരണ ശൃംഖലകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഫണ്ടിന്റെയും സൈനിക സഹായത്തിന്റെയും കുറവ് നികത്താൻ ഇറാനിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കാൻ ഹൂത്തികൾ ശ്രമിക്കുന്നുണ്ടെന്നും, ഇത് ഇരുവിഭാഗവും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു.
യെമൻ എണ്ണ കയറ്റുമതി തടസ്സപ്പെടുത്താൻ ഹൂത്തി ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ, കയറ്റുമതി കേന്ദ്രങ്ങൾ സംരക്ഷിക്കാനുള്ള സുരക്ഷാ നടപടികൾ യെമൻ സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെങ്കിലും, ഹൂത്തികൾ സൈനിക നീക്കം ശക്തമാക്കിയാൽ തിരിച്ചടിക്കാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.
നിലവിൽ യെമൻ സർക്കാരും ഹൂത്തികളും തമ്മിൽ നേരിട്ട് ചർച്ചകൾ നടക്കുന്നില്ല. ഒമാൻ മധ്യസ്ഥതയിലാണ് നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ചെങ്കടലിലെ ആക്രമണങ്ങളെ തുടർന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഇറാനാണ് ഹൂത്തികൾക്ക് സൈനിക-ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്നതെന്ന് യെമനും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നുണ്ടെങ്കിലും, തങ്ങൾ രാഷ്ട്രീയ പിന്തുണ മാത്രമാണ് നൽകുന്നതെന്നാണ് ഇറാന്റെ നിലപാട്.





