കയ്റോ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച കേസിൽ പ്രമുഖ ഈജിപ്ഷ്യൻ അഭിഭാഷകയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വടക്കൻ ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള ഇവരുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് എഴുപതുകാരിയായ വൃദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സ്ത്രീകളുടെ അവകാശങ്ങൾക്കായും ലൈംഗിക അതിക്രമങ്ങൾക്കെതിരെയും സജീവമായി പ്രവർത്തിച്ചിരുന്ന പ്രമുഖ അഭിഭാഷകയ്ക്കാണ് ഈ ദാരുണമായ കൊലപാതകത്തിൽ പങ്കുള്ളതെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
അഭിഭാഷകയും അമ്മയും താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നതായി കെട്ടിടത്തിലെ മറ്റു താമസക്കാർ ഈ മാസം 20-ന് അവ്വൽ അൽമുൻതസ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ചിതറിക്കിടക്കുന്ന നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബവഴക്കിനെയും അമ്മയുടെ മോശം പെരുമാറ്റത്തെയും തുടർന്ന് ഈ മാസം 17-നുണ്ടായ ചൂടേറിയ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. തർക്കത്തിനിടെ അമ്മയെ മർദ്ദിക്കുകയും കഴുത്തുഞെരിച്ചു കൊല്ലുകയുമായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് രണ്ടു ദിവസമെടുത്താണ് മൃതദേഹം വെട്ടിമുറിച്ചത്. പിടിക്കപ്പെടുമെന്ന ഭയത്താൽ പിന്നീട് അപ്പാർട്ട്മെന്റ് പൂട്ടി ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇളയ മകളുടെ മരണത്തെ തുടർന്ന് പ്രതി കടുത്ത വിഷാദത്തിലും മാനസിക സമ്മർദ്ദത്തിലുമായിരുന്നുവെന്നും മുൻപ് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കളും സഹപ്രവർത്തകരും മൊഴി നൽകിയിട്ടുണ്ട്. അമ്മയുമായി ഇവർ നിരന്തരം വഴക്കിട്ടിരുന്നതായും വിവരമുണ്ട്. അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.




