അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ സുപ്രീം കോടതി നിർദേശപ്രകാരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കേന്ദ്രങ്ങൾ വഴി ആരംഭിച്ചു. യു.എ.ഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുക.
ഇതോടെ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ ഈ സേവനങ്ങൾ ഇനി നേരിട്ട് ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.
അറിയേണ്ട പ്രധാന വിവരങ്ങൾ:
- അപ്പോയിന്റ്മെന്റ് ബുക്കിങ്: സേവനങ്ങൾ ആവശ്യമുള്ളവർ consularsevainuae.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കേണ്ടതാണ്. ദിവസവും രാവിലെ 9:00 AM, രാത്രി 9:00 PM എന്നീ സമയങ്ങളിൽ പുതിയ സ്ലോട്ടുകൾ ലഭ്യമാകും.
- പ്രവർത്തന സമയം: രാവിലെ 8:00 മുതൽ വൈകുന്നേരം 6:00 വരെയാണ് സെന്ററുകളുടെ പ്രവർത്തന സമയം. ബുക്ക് ചെയ്ത സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ.
- സർവീസ് ചാർജ്: ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഫീസിന് പുറമെ, വാറ്റ് (VAT) ഉൾപ്പെടെ 19 ദിർഹമാണ് സർവീസ് ചാർജ്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഡോക്യുമെന്റ് ടൈപ്പിങ്, പ്രിന്റൗട്ട്, ഫോട്ടോകോപ്പി, ഡൊമസ്റ്റിക് കുറിയർ എന്നീ അനുബന്ധ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് വേണ്ടാത്തവർ: തത്കാൽ പാസ്പോർട്ട്, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ് (EC) എന്നിവ ആവശ്യമുള്ളവർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ നേരിട്ടെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




