ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി മൂന്ന് സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ളള പിന്തുണ പിൻവലിച്ചു. നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായാണ് എം.എൽ.എമാർ അറിയിച്ചത്. കോൺഗ്രസിന് പിന്തുണ നൽകാനും തീരുമാനിച്ചു. സോംബിർ സാങ്‌വാൻ, രൺധീർ ഗൊല്ലെൻ, ധരംപാൽ ഗോന്ദർ എന്നീ മൂന്ന് എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്.
ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്.
“ഞങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണ്. ഞങ്ങൾ കോൺഗ്രസിന് പിന്തുണ നൽകുന്നു,” ഗോന്ദർ പറഞ്ഞു. പിന്തുണ പിൻവലിച്ചതോടെ നയാബ് സിംഗ് സൈനി സർക്കാർ ന്യൂനപക്ഷമായി. ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.