ഗാസിയാബാദ്- ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പോലീസ് പിങ്ക് ബൂത്തിന് മുന്നിൽ സഹായത്തിനായി അപേക്ഷിച്ച് ചോര വാർന്ന് 22-കാരൻ മരിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും സമയത്തിന് ചികിൽസ ലഭ്യമാക്കാത്തതുമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിഹാറിലെ സിവാൻ സ്വദേശിയായ രാജ്കുമാർ ആണ് മരിച്ചത്. ജൂലൈ 12-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
യാത്രക്കൂലിയെച്ചൊല്ലി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി രാജ്കുമാറിന് തർക്കമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. തർക്കം രൂക്ഷമായതോടെ ഭയന്നോടിയ രാജ്കുമാർ, രക്ഷിക്കണമെന്നഭ്യർത്ഥിച്ച് സമീപത്തുണ്ടായിരുന്ന പോലീസ് പിങ്ക് ബൂത്തിന് മുന്നിലെത്തുകയായിരുന്നു. എന്നാൽ ഈ സമയം ബൂത്ത് അടച്ചിട്ട നിലയിലായിരുന്നു. ഉള്ളിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധ തിരിക്കാനായി രാജ്കുമാർ ഗ്ലാസ് വാതിലിൽ ശക്തമായി മുട്ടി. ഇതിനിടയിൽ ഗ്ലാസ് തകരുകയും രാജ്കുമാറിന്റെ കൈകൾക്ക് മാരകമായി പരിക്കേറ്റ് കഠിനമായ രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. പരിക്കേറ്റിട്ടും ഏതാണ്ട് 40 മിനിറ്റോളം രാജ്കുമാർ ഒരു സഹായവും ലഭിക്കാതെ അവിടെത്തന്നെ കിടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് ആംബുലൻസിലാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈകളിൽ നിന്ന് ചോരയൊലിച്ച് യുവാവ് റോഡിൽ കിടക്കുന്നതും ആളുകൾ ചുറ്റും കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ വ്യത്യസ്തമായ വിശദീകരണമാണ് ഗാസിയാബാദ് പോലീസ് നൽകുന്നത്. ഓട്ടോ ഡ്രൈവറും മരിച്ച യുവാവും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഉപാസന പാണ്ഡെ പറഞ്ഞു. പിങ്ക് ബൂത്തിലെത്തുന്നതിന് മുൻപ് തന്നെ പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചുവെന്നും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് വാദം.
സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഡി.സി.പി സിറ്റി ധവാൽ ജയ്‌സ്വാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായോ എന്ന കാര്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളുടെ സത്യാവസ്ഥയും ഈ സംഘം പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.



