മലപ്പുറം: കേരള മാപ്പില കലാ അക്കാദമി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർ നിര്യാതനായി. മലപ്പുറം ജില്ലയിലെ കാരാട് സ്വദേശിയാണ്. മയ്യിത്ത് നമസ്കാരം ഉച്ചക്ക് ഒന്നരയ്ക്ക് കാരാട് ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം രണ്ടരക്ക് ആക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വിദ്യാർത്ഥി ആയിരിക്കെ തന്നെ മുസ്‌ലിം ലീഗ് വേദികളിലെ ശ്രദ്ധേയ പ്രഭാഷകനായിരുന്ന പി.എച്ച് അബ്ദുള്ള മാഷ്, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയും വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയുമായും പ്രവർത്തിച്ചു. ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായി സേവനം ചെയ്തിട്ടുണ്ട്. സൗദിയിൽ കുറച്ചുകാലം പ്രവാസ ജീവിതം നയിച്ചിരുന്നു. പത്തുവർഷം മുമ്പ് കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ട ശേഷവും കർമ്മമേഖലയിൽ സജീവമായിരുന്നു. ഇരു വൃക്കകളും നഷ്ടമായതിനെതുടർന്ന് ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കെയാണ് അന്ത്യം.
കേരള മാപ്പിള കലാ അക്കാദമിയുടെ സ്ഥാപക പ്രസിഡായിരുന്നു. പ്രസിഡന്റ് പദവിയിൽ 25ാം വർഷം പൂർത്തിയാക്കാനിരിക്കുകയായിരുന്നു.
മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതിനും ഈ രംഗത്ത് പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനുമായി 2001 ൽ മാപ്പിള കലാ രംഗത്തെ പ്രമുഖരെ ഉൾപെടുത്തി കേരള മാപ്പിള കലാ അക്കാദമി രൂപീകരണത്തിന് കാർമികത്വം വഹിച്ചു. നൂറോളം മാപ്പിളപ്പാട്ടുകളുടെയും ദേശഭക്തി ഗാനങ്ങളുടെയും രചയിതാവാണ്.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രതിഭകൾക്ക് നൽകുന്ന സംസ്കൃതി സാഹിത്യ പുരസ്കാരം കഴിഞ്ഞ വർഷം പി.എച്ച് അബ്ദുല്ല മാസ്റ്റർക്ക് സമ്മാനിച്ചിരുന്നു. എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ആയിഷ ബാനു പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ മകളാണ്.