ബോസ്റ്റൺ: നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം അസ്വസ്ഥത അനുഭവപ്പെട്ട മലയാളി യുവതി യുകെയിൽ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും ലിങ്കൺഷെയറിലെ ബോസ്റ്റൺ പ്രദേശത്ത് താമസിച്ചിരുന്ന നഴ്‌സുമായ ചിഞ്ചു മമ്പള്ളിൽ തോമസ് (34) ആണ് മരിച്ചത്. ഭർത്താവ് പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമിൽ ജോസ് ആണ്. ജൂലൈ 6-ന് പ്രസവത്തിനായി ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിഞ്ചു, ജൂലൈ 7-ന് ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് ജൂലൈ 8-ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ വീട്ടിലെത്തി അധികസമയം കഴിയുംമുമ്പ് ചിഞ്ചുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ തന്നെ വീണ്ടും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ആരോഗ്യനില ഗുരുതരമായി. വ്യാഴാഴ്ച പുലർച്ചെ 12.20-നാണ് മരണം സംഭവിച്ചത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും മെഡിക്കൽ പരിശോധനാ നടപടികൾക്കും കുടുംബം കാത്തിരിക്കുകയാണ്.
നാലു വർഷം മുമ്പ് നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ചിഞ്ചു യുകെയിലെ ലിങ്കൺഷെയറിലെ ബോസ്റ്റണിലേക്ക് കുടിയേറിയിരുന്നു. പിന്നീട് ഭർത്താവ് എമിൽ ജോസും അന്നുണ്ടായിരുന്ന രണ്ട് മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞും യുകെയിൽവച്ചാണ് ജനിച്ചത്. ഒരു വർഷം മുമ്പാണ് കുടുംബം ബോസ്റ്റണിൽ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്.
എമിലിനും ചിഞ്ചുവിനും എട്ട് വയസ്സുള്ള ഒരു മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആൺമക്കളും നവജാതയായ പെൺകുഞ്ഞുമാണ് ഉള്ളത്. അമ്മയുടെ സ്നേഹം അറിയുന്നതിന് മുമ്പേ മാതാവിനെ നഷ്ടമായ നവജാത ശിശുവിനെയും മൂന്ന് സഹോദരങ്ങളെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കരുതലിലാണ് ഇനി വളരേണ്ടത്. പ്രസവശുശ്രൂഷയ്ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങൾക്ക് മുമ്പ് സന്ദർശക വിസയിൽ യുകെയിലെത്തിയിരുന്നു. കുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തിൽ സന്തോഷനാളുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അവർക്ക് മണിക്കൂറുകൾക്കകം താങ്ങാനാകാത്ത ദുഃഖമാണ് നേരിടേണ്ടിവന്നത്.



