ജിദ്ദ- കോവിഡ് വാക്സിന് എതിരെ നടക്കുന്ന പ്രചാരണം ശരിയല്ലെന്നും നേരത്തെയുള്ള വാദങ്ങൾ പുതിയ സഹചര്യത്തിൽ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിക്കുകയാണെന്നും ഡോക്ടർ വിനിത പിള്ള. ജിദ്ദയിൽ മൈത്രി സംഘടിപ്പിച്ച കോവിഡ് ഭീതിയും യാഥാർഥ്യവും എന്ന വെബിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. വിനിതാ പിള്ള. മനുഷ്യരാശിയെ കോവിഡിൽനിന്ന് രക്ഷിച്ചത് വാക്സിനുകളാണ്. ജിദ്ദയിൽ അടക്കം നിരവധി പേർ മരിച്ച സഹചര്യം ആരും മറക്കാനിടയില്ല. കോവിഡിൽനിന്ന് ജനതയെ രക്ഷിച്ചത് വാക്സിനുകളാണ്. നിലവിൽ നിരവധി പേർക്ക് കോവിഡ് രോഗം ബാധിക്കുന്നുണ്ട്. എന്നാൽ മരണനിരക്ക് തീരെയില്ലാത്ത അവസ്ഥയാണ്. അത് കോവിഡ് വാക്സിന്റെ ഫലമായി ലഭിച്ച നേട്ടമാണ്. ഏതൊരു വാക്സിന്റെയും ഗുണം വിലയിരുത്തേണ്ടത് അതുകൊണ്ടുണ്ടായ നേട്ടം കൂടി പരിഗണിച്ചാണ്. വാക്സിൻ എടുത്ത എല്ലാവർക്കും സൈഡ് എഫക്ട് വരുമെന്ന് കമ്പനി പറഞ്ഞിട്ടില്ല. ലക്ഷത്തിൽ ഒരാൾക്ക് സൈഡ് എഫക്ട് വരാനുള്ള സാധ്യതയുണ്ട് എന്നു മാത്രമാണ് പറഞ്ഞത്.
കോവിഡ് വാക്സിൻ ഉപയോഗിച്ച തീരെ ചെറിയ ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ കൊണ്ടുള്ള പാർശ്വഫലമുണ്ടായത്. അത് നേരത്തെ തന്നെ വാക്സിൻ കമ്പനി അറിയിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇത് സംഭവിക്കൂ. എന്നാൽ അത് ഹൈലൈറ്റ് ചെയ്ത് അവതരിപ്പിക്കുകയാണ്. ഫലമുള്ള എല്ലാ മരുന്നുകൾക്കും സൈഡ് എഫക്ടുകളുണ്ടാകും. വാക്സിൻ എടുത്ത എല്ലാവർക്കും പാർശ്വഫലമുണ്ടാകും എന്ന് വിചാരിക്കേണ്ട കാര്യമില്ല. മാത്രമല്ല, വാക്സിൻ എടുത്ത ഉടനെയാണ് ഈ അസുഖമുണ്ടാകുക. വാക്സിൻ എടുത്ത് ഇത്രയും വർഷം കഴിഞ്ഞ ശേഷം സൈഡ് എഫ്ക്ട് ഉണ്ടാകാൻ സാധ്യതയില്ലെന്നും വിനിത പിള്ള പറഞ്ഞു. വാക്സിൻ പൂർണമായും സുരക്ഷിതമാണെന്നും ഡോ. വിനിത പിള്ള കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലഞ്ചുവർഷമായി മരണനിരക്ക് കൂടിയിട്ടുണ്ട് എന്ന് പലരും പറയുന്നുണ്ട്. അതെല്ലാം കോവിഡ് വാക്സിനുമായി കൂട്ടിയോജിപ്പിച്ച് ചിന്തിക്കാനാണ് ചിലർക്ക് താൽപര്യം. ഈ വർഷങ്ങളിൽ നമ്മുടെ ജീവിത രീതി ആകെ മാറിയിട്ടുണ്ട്. തീരെ വ്യായാമമില്ലാത്ത അവസ്ഥയാണ്. ഇതിന്റെയൊക്കെ ഫലമായിട്ടാകും മരണ നിരക്ക് കൂടുന്നത്. ആ സാധ്യത ആരും പരിഗണിക്കുന്നില്ല.
വാക്സിൻ തികച്ചും സുരക്ഷിതമാണ്. പോളിയോ, ചിക്കൻപോക്സ് എന്നീ വാക്സിനുകൾക്ക് എതിരെയും നേരത്തെ പരാതിയുണ്ടായിരുന്നു. എന്നാൽ ആ അസുഖമെല്ലാം മാറാനുള്ള കാരണം വാക്സിനുകൾ കൊണ്ടാണ്. ഷുഗർ, പ്രഷർ, പൊണ്ണത്തടി എന്നിവയുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത ഏറെയാണ്. എന്നാൽ അത്തരം അസുഖങ്ങളെ ആരും കാര്യമായി എടുക്കാത്ത അവസ്ഥയാണെന്നും വിനിത പിള്ള പറഞ്ഞു. ബഷീർ പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോ. മറുപടി പറഞ്ഞു.