മനാമ – ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു. ദേശീയ ഐക്യം തകര്‍ക്കുക, ബഹ്റൈന്റെ ഭരണഘടനാ സംവിധാനം മാറ്റാന്‍ ശ്രമിക്കുക, സര്‍ക്കാര്‍ വകുപ്പുകളെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരായ കുറ്റപത്രമാണ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളില്‍ 11 പേര്‍ കസ്റ്റഡിയിലും എട്ട് പേര്‍ ഒളിവിലുമാണ്.
ബഹ്റൈന്‍ ഭരണകൂടത്തിനെതിരെ എതിര്‍പ്പ് ജനിപ്പിക്കാനും രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും നിയന്ത്രിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ഇറാന്‍ പരമോന്നത നേതാവിനെയും ഇറാന്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തെയും പിന്തുണച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. ബഹ്റൈനില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍, കലാപങ്ങള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പ്രേരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രതികള്‍ ഫണ്ട് ശേഖരിച്ചതായും ചിലര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
കേസിലെ അടുത്ത സിറ്റിംഗ് ജൂലൈ 12 ന് ഞായറാഴ്ച നടക്കും. രാജ്യത്തിനെതിരായ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ചതിന് കഴിഞ്ഞ മാസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി 12 പേരെ 10 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചിലര്‍ക്ക് 2,000 ബഹ്റൈനി ദീനാര്‍ (5,300 ഡോളര്‍) പിഴ ചുമത്തുകയും ചെയ്തിരുന്നു.
യു.എസ് നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡിനും അഞ്ചാം കപ്പല്‍പടക്കും ആതിഥേയത്വം വഹിക്കുന്ന ബഹ്റൈന്‍, റെവല്യൂഷണറി ഗാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയ 10 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 28 ന് യു.എസും ഇസ്രായിലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം ബഹ്‌റൈന്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ച 194 ബാലിസ്റ്റിക് മിസൈലുകളും 515 ഡ്രോണുകളും ബഹ്റൈന്‍ അധികൃതര്‍ തടഞ്ഞു നശിപ്പിച്ചു. ചില മിസൈലുകളും ഡ്രോണുകളും ലക്ഷ്യംകണ്ടു. ഈ ആക്രമണങ്ങളില്‍ ആളപായങ്ങളും വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായി.



