റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി യുവാവിനെ രക്ഷിക്കാൻ ആവശ്യമായ ദിയാധനം സ്വരൂപിക്കാൻ സൗദി അറേബ്യയിൽ ട്വിറ്ററിൽ ക്യാംപയിൻ. അനാഥനായ മാജിദ് അൽ-ഫരീദി അൽ-ഹർബിയുടെ ജീവൻ രക്ഷിക്കാൻ എന്ന തലക്കെട്ടോടെയുള്ള ഹാഷ് ടാഗ് എക്സി(മുൻ ട്വിറ്റർ)ൽ ട്രെന്റിംഗായി.
മാജിദ് അൽ ഫരീദിയെ രക്ഷിക്കാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ടത് 60 മില്യൺ റിയാലാണ്. (ഇന്ത്യൻ പണം ഏകദേശം 138 കോടി രൂപ). ഈ മാസം പതിനാലിനാണ് പണം നൽകേണ്ട ദിവസം. നിരവധി പേരാണ് ക്യാംപയിനുമായി രംഗത്തുള്ളത്.
റിയാദിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനെ രക്ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം 15 മില്യൺ റിയാൽ പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചിരുന്നു. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു കേസിൽ സൗദിയിൽ പൊതുജനങ്ങളിൽനിന്ന് സംഭാവന ശേഖരിക്കുന്നത്.