കൊച്ചി: യൂറോപ്യൻ രാജ്യമായ പോളണ്ടിൽ രണ്ടു പേരെ വധിച്ച കേസിൽ തടവിൽ കഴിയുന്ന മലയാളി യുവാവിനെ രക്ഷിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. എറണാകുളം പള്ളുരുത്തി കളങ്ങരപ്പറമ്പ് സ്വദേശി ജേക്കബ് നെൽസണിനെ പോളണ്ടിലെ ജയിലിൽനിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പിതാവ് നെൽസൺ ബന്ധപ്പെട്ടവർക്ക് പരാതി നൽകി.
2018 ജനുവരി പത്തിനാണ് വെൽഡിങ് വർക്കിനായി ജേക്കബ് പോളണ്ടിലേക്ക് പോയത്. ഒരു ഏജൻസി വഴിയാണ് വിസ ലഭിച്ചത്. എന്നാൽ നേരത്തെ വാഗ്ദാനം ചെയ്ത സാലറി ലഭിച്ചില്ല. തുടർന്ന് ഒട്ടേറെ കമ്പനികളിൽ മാറിമാറി ജോലി ചെയ്തു. പിന്നീട് ഒരു ജ്യൂസ് കടയിൽ ജോലിക്ക് കയറി. ഇവിടെയും കാര്യമായ ശമ്പളം ലഭിച്ചില്ല.
ഡിസംബറിൽ നാട്ടിൽനിന്നാണ് വിസ പുതുക്കാനായി 44000 രൂപ അയച്ചുകൊടുത്തത്. റൂമിലുള്ള ഒരാളുടെ എക്കൗണ്ടിലേക്കായിരുന്നു പണം അയച്ചത്. എന്നാൽ അവർ പണം ജേക്കബിന് നൽകിയില്ല. തുടർന്ന് തർക്കമാകുകയും പണം നൽകാതെ ജേക്കബിനെ മുറിയിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. മൈനസ് മുപ്പത് ഡിഗ്രിയുള്ള കൊടുംതണുപ്പിലാണ് ജേക്കബ് ആ ദിവസം രാത്രി കഴിച്ചുകൂട്ടിയത്. അടുത്ത ദിവസം കമ്പനിവക തൊഴിലാളികൾക്കുള്ള ആഘോഷത്തിൽ വെച്ച് വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാകുകയും ജേക്കബിന്റെ കൈ കൊണ്ട് രണ്ടാൾക്ക് മരണം സംഭവിക്കുകയും ചെയ്തു.
ജേക്കബ് നേരത്തെ മാനസിക രോഗത്തിനുള്ള ചികിത്സ സ്വീകരിച്ചിരുന്നയാളാണെന്നും രോഗം ഭേദമായ ശേഷമാണ് പോളണ്ടിലേക്ക് അയച്ചതെന്നും പിതാവ് പറയുന്നു. എന്നാൽ മുറിയിലുള്ളവരിൽനിന്നുണ്ടായ അനുഭവവും വീട്ടിലെ കടബാധ്യതയെ കുറിച്ചുള്ള ചിന്തയും അവനെ വീണ്ടും മാനസികരോഗാവസ്ഥയിൽ എത്തിച്ചതാണെന്നും പിതാവ് കൂട്ടിച്ചേർത്തു.
2019 ഒക്ടോബറിൽ രണ്ടുപേരെ കൊലപ്പെടുത്തിയതിന് ജേക്കബിന് കോടതി 14 വർഷത്തേക്ക് ജയിൽശിക്ഷ വിധിച്ചു. സാധാരണഗതിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയാൽ 40 ഉം 50 ഉം വർഷം വരെ ശിക്ഷ ലഭിക്കാറുണ്ട്. എന്നാൽ ജേക്കബിന് മെൻറൽ ഡിപ്രെഷൻ മൂലമാണ് അവൻ്റെ കയ്യിൽ നിന്ന് ഇങ്ങനെ സംഭവിച്ചത് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ ഫലമായാണ് ശിക്ഷ 14 വർഷത്തേക്ക് ഇളവ് കിട്ടിയത്. 2020- ൽ ജേക്കബിനെ ഇന്ത്യയിലെ ജയിലിലേക്ക് കൊണ്ടുവന്ന് ഇവിടെ ചികിൽസിക്കാൻ വേണ്ടി പോളണ്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. നേരത്തെ ജേക്കബിന് വേണ്ടി പോളണ്ട് സർക്കാർ നിയോഗിച്ച വക്കീൽ വഴിയായിരുന്നു ഇത് നൽകിയത്. 1,30,000 രൂപ ഫീസും വക്കീലിന് കൊടുത്തു. എന്നാൽ ഇപ്പോൾ ഇന്ത്യൻ എംബസിയും വക്കീലും ഈ കേസിൽ ഇടപെടുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
ജേക്കബ് കടുത്ത മാനസിക പിരിമുറുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പിതാവ് പറഞ്ഞു. പോളണ്ട് ഭാഷയും ഇംഗ്ലീഷും അറിയാത്തതുകൊണ്ട് ട്രീറ്റ്‌മെന്റ് കൊടുക്കാനോ കൗൺസിലിങ് കൊടുക്കാനോ സാധിക്കുന്നില്ല. ജേക്കബിനെ കേരളത്തിലെ ജയിലിലേക്ക് മാറ്റാനും ഇവിടെ ചികിൽസ കൊടുക്കാനും സൗകര്യം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ലോക കേരള സഭാംഗം പോളണ്ടിൽനിന്നുള്ള മിഥുൻ മോഹനാണ് നിലവിൽ ജേക്കബിന്റെ കാര്യത്തിൽ നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്.