ബെയ്‌റൂത്ത്: ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നഈം ഖാസിം പ്രസ്താവിച്ചു. ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ സംഘടിപ്പിച്ച ആശൂറാ അനുസ്മരണ വേളയിൽ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായിൽ ആക്രമണങ്ങളെ പരാമർശിച്ചുകൊണ്ട്, തങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാൻ ശത്രുക്കൾ ലക്ഷ്യമിട്ട വലിയൊരു യുദ്ധത്തെയാണ് രാജ്യം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ അധിനിവേശത്തെ പ്രതിരോധിക്കാനും വലിയൊരു വിജയം കൈവരിക്കാനും തങ്ങൾക്ക് സാധിച്ചു. അമേരിക്കൻ-ഇസ്രായിൽ സഖ്യത്തിന്റെ തന്ത്രങ്ങളെ തകർത്ത് പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ-ഇസ്രായിൽ ആക്രമണങ്ങളെ ഇറാൻ ശക്തമായി ചെറുത്തു തോൽപ്പിച്ചുവെന്നും, ഒടുവിൽ അവരുടെ പരാജയത്തിന്റെ ഔദ്യോഗിക സാക്ഷ്യപത്രമായ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഇറാന് സാധിച്ചുവെന്നും നഈം ഖാസിം വ്യക്തമാക്കി.
തെക്കൻ ലെബനനിൽ നിന്ന് നിരുപാധികമായി പിൻവാങ്ങുകയല്ലാതെ ഇസ്രായിലിന് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഹിസ്ബുള്ള തലവൻ ഓർമ്മിപ്പിച്ചു. ലെബനൻ മണ്ണിന്റെ ഓരോ ഇഞ്ചിൽ നിന്നും പൂർണ്ണമായി പിന്മാറാൻ ഇസ്രായിൽ ബാധ്യസ്ഥരാണ്. ഇസ്രായിലുമായി യാതൊരുവിധ നയതന്ത്ര സാധാരണവൽക്കരണത്തിനും തങ്ങൾ തയ്യാറല്ലെന്നും അവരുമായുള്ള ശത്രുത അവസാനിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ലെബനന്റെ പരമാധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ആർക്കും അവകാശമില്ല. ലെബനൻ മണ്ണിൽ ഇസ്രായിലിന്റെ ഭാഗികമായ സാന്നിധ്യം പോലും അനുവദിക്കില്ലെന്നും, അപമാനിതരും പരാജിതരുമായി ഇസ്രായിലിന് ലെബനനിൽ നിന്ന് പുറത്തുപോകേണ്ടി വരുമെന്നും അതാണ് സംഭവിക്കാൻ പോകുന്നതെന്നും നഈം ഖാസിം പ്രസ്താവിച്ചു.



