ജനീവ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ സ്വിറ്റ്‌സർലൻഡിൽ യു.എസ് – ഇറാൻ ചർച്ചകൾ ആരംഭിച്ചത്.
ഇറാൻ സംഘം ചർച്ചകളിൽ നിന്ന് പിന്മാറിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, അവർ ഇപ്പോഴും ചർച്ചകളുടെ ഭാഗമാണെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. ചർച്ചകൾ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറാൻ സംഘം പുറത്തുപോയത് സത്യമാണെന്നും, എന്നാൽ ചർച്ചകളിൽ നിന്ന് പിന്മാറാനുള്ള യാതൊരു ഉദ്ദേശ്യവും അവർ മധ്യസ്ഥരെ അറിയിച്ചിട്ടില്ലെന്നും നയതന്ത്ര വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇറാൻ സംഘം ഇപ്പോഴും സ്വിറ്റ്സർലൻഡിലുണ്ടെന്നും യു.എസ് പ്രതിനിധി സംഘവുമായുള്ള ചർച്ചകൾ തുടരുകയാണെന്നും തിങ്കളാഴ്ച രാവിലെ ഒരു മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ വെളിപ്പെടുത്തി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കാനും, അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും, ലെബനോനിലെ വെടിനിർത്തൽ മാനിക്കുന്നതിലുമാണ് നിലവിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ലെബനോനിലെ ഇറാന്റെ പ്രോക്സിയായ ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് ചർച്ചകൾ താൽക്കാലികമായി നിലയ്ക്കാൻ കാരണം. അന്തിമ കരാർ ഒപ്പുവെക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ അമേരിക്ക വീണ്ടും ശക്തമായി ആക്രമിക്കുമെന്നും, കഴിഞ്ഞയാഴ്ച ചെയ്തതിനേക്കാൾ കഠിനമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീഷണി സന്ദേശത്തിൽ പ്രതിഷേധിച്ച് ഇറാൻ പ്രതിനിധി സംഘം ചർച്ചാ വേദി വിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡിന് കീഴിലെ തസ്നീം വാർത്താ ഏജൻസിയും ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും റിപ്പോർട്ട് ചെയ്തു. 80 മിനിറ്റ് നീണ്ട ചർച്ചകൾക്കും ഒരു ഇടവേളക്കും ശേഷമാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതും ചർച്ചകൾ ദുഷ്‌കരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചതും.
ലൂസേൺ തടാകക്കരയിലെ നിർണായക ചർച്ച
ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രം അന്തിമ കരാറാക്കി മാറ്റുന്നതിനാണ് സ്വിറ്റ്‌സർലൻഡിൽ യോഗം ചേർന്നത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ലൂസേൺ തടാകക്കരയിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചർച്ചകൾ ആരംഭിച്ചത്. ധാരണാപത്രത്തിലെ നിബന്ധനകൾ പ്രകാരം യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തേണ്ടതുണ്ട്. നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ലെബനോനിൽ ഇസ്രായിൽ സേനയും ഹിസ്ബുല്ലയും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലുകൾ ഈ ചർച്ചകളെ ബാധിച്ചിട്ടുണ്ട്.
അതേസമയം, അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ജെ.ഡി വാൻസ് പറഞ്ഞു. ഇറാൻ ജനതയുമായുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറന്ന് വലിയ പരിവർത്തനം വരുത്താനാണ് പ്രസിഡന്റ് തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വാൻസ് വ്യക്തമാക്കി. പ്രതിസന്ധികൾക്കിടയിലും ചർച്ചകൾ പൂർണ്ണമായി പരാജയപ്പെടാതിരിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്.



