ദുബായ്: പ്രവാസികളുടെ പരാതികൾ നേരിട്ട് പരിഹരിച്ചും കൂടുതൽ ഇടപെടൽ ആവശ്യമുള്ളവ തുടർനടപടികൾക്കായി മാറ്റിവെച്ചും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ശനിയാഴ്ച സംഘടിപ്പിച്ച ഓപ്പൺ ഹൗസ് ശ്രദ്ധേയമായി. വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും പ്രവാസികൾക്കായി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ 100 ലേറെ ഇന്ത്യക്കാർ പ്രശ്നപരിഹാരങ്ങൾക്കെത്തി.
കോൺസൽ ജനറൽ സതീഷ് കുമാർ ശിവന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾ, വിസ, വിദ്യാഭ്യാസം, തൊഴിൽ, ക്ഷേമം,വീട്ടുജോലിക്കാരുടെ പ്രശ്നങ്ങൾ, വ്യാപാരം, വാണിജ്യം എന്നിവയുമായിബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്തു. പരാതികൾ അറിയിക്കാനും സഹായംതേടാനും നേരിട്ടൊരു വേദിയായിരുന്നു കോൺസുലേറ്റ് ഒരുക്കിയിരുന്നത്. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരംനൽകുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സതീഷ് കുമാർ ശിവൻ പറഞ്ഞു.
കോൺസുലേറ്റ് ശ്രമങ്ങൾക്ക് ഉറച്ചപിന്തുണ നൽകിയതിന് യു.എ.ഇ. അധികൃതരോടും ഇന്ത്യൻ സമൂഹത്തോടും അദ്ദേഹം നന്ദിയറിയിച്ചു. ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന നിയമപരമായകാര്യങ്ങളിൽ പരിഹാരംകണ്ടെത്താൻ നിയമവിദഗ്ധരും സന്നദ്ധപ്രവർത്തകരും സന്നിഹിതരായിരുന്നു.
വാരാന്തങ്ങളിലും പൊതുഅവധിദിനങ്ങളിലും ഉൾപ്പെടെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോൺസുലേറ്റ് ഓഫീസർമാരുടെ ലഭ്യത ഉറപ്പുവരുത്തുന്ന 365 ദിവസത്തെ തൊഴിൽനയം 2020 ഓഗസ്റ്റുമുതൽ നിലവിലുണ്ട്.
കൂടാതെ കോൺസുലേറ്റ് ഹെൽപ്പ് ലൈൻ നമ്പർവഴി 24 മണിക്കൂറും അടിയന്തര സേവനങ്ങളും ലഭ്യമാണ്. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടുവഴി ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പൗരർക്ക് അർഹമായ സന്ദർഭങ്ങളിൽ സാമ്പത്തികസഹായം നൽകുകയും ആവശ്യമുള്ള വീട്ടുജോലിക്കാരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.