അറ്റ്ലാന്റ– 2026 ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ ഇന്ന് സൗദി അറേബ്യ കരുത്തരായ സ്പെയിനെ നേരിടുന്നു. ലോക ഫുട്ബോളിലെ വമ്പന്മാരായ സ്പെയിനെതിരെ മറ്റൊരു വൻ അട്ടിമറി സ്വന്തമാക്കാനാണ് സൗദി അറേബ്യ ഇന്ന് ബൂട്ട് കെട്ടുന്നത്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില വഴങ്ങേണ്ടി വന്ന സൗദിക്ക് നോക്കൗട്ട് സാധ്യതകൾ സജീവമാക്കാൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
അറ്റ്ലാന്റയിൽ നടക്കുന്ന സ്പെയിൻ – സൗദി അറേബ്യ പോരാട്ടം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9:30-നാണ് ആരംഭിക്കുന്നത്.
ടൂർണമെന്റിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ശക്തരായ ഉറുഗ്വേയ്‌ക്കെതിരെ മിന്നും പ്രകടനമാണ് സൗദി കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യം അബ്ദുള്ള അൽ അംറിയുടെ ഗോളിൽ മുന്നിലെത്താൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഉറുഗ്വേ ഗോൾ മടക്കിയതോടെ മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ കലാശിക്കുകയായിരുന്നു. ആദ്യം ഗോൾ നേടിയിട്ടും വിജയം കൈവിട്ടതിന്റെ നിരാശ സ്പെയിനെതിരെ തീർക്കുക എന്ന ലക്ഷ്യത്തോടെയാകും സൗദി ഇന്ന് കളത്തിലിറങ്ങുക.
മറുഭാഗത്ത്, യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ തങ്ങളുടെ ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങിയാണ് വരുന്നത്. ആദ്യ മത്സരത്തിൽ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം തീർക്കാൻ സ്പെയിൻ സർവ്വസജ്ജമായാണ് ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിലായിരുന്ന ബാഴ്സലോണയുടെ 18 കാരൻ സൂപ്പർ താരം ലമീൻ യമാൽ ഇന്ന് സ്പെയിൻ നിരയിൽ കളിച്ചേക്കുമെന്നത് സൗദി പ്രതിരോധത്തിന് വലിയ വെല്ലുവിളിയാകും.
ഗ്രൂപ്പ് ജിയിലെ രണ്ടാമത്തെ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ, അട്ടിമറി വീരന്മാരായ കേപ് വെർദെയെ നേരിടും. മിയാമി ഗാർഡൻസിൽ നടക്കുന്ന ഈ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 3:30-നാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ സൗദിയോട് സമനില വഴങ്ങിയ ഉറുഗ്വേയ്ക്ക് ഗ്രൂപ്പിൽ മേധാവിത്വം സ്ഥാപിക്കാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർദെയുടെ മധ്യനിരയിലെ പ്രകടനത്തിലാണ് ഉറുഗ്വേയുടെ പ്രധാന പ്രതീക്ഷ. നിലവിൽ ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരങ്ങൾ ഗ്രൂപ്പിലെ റൗണ്ട് ഓഫ് 32 സാധ്യതകളിൽ നിർണായകമാകും.



