കണ്ണൂർ – കണ്ണൂർ കൊറ്റാളിയിൽ അമ്മയും മകളും വീട്ടിനകത്ത് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി. മകൾ വിഷം അകത്തു ചെന്നും, അമ്മ ഹൃദയാഘാതത്തെത്തുടർന്നുമാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുഴാതി പഞ്ചായത്തിലെ കൊറ്റാളിയിൽ . ‘സുവിശ്വത്തിൽൽ സുനന്ദ വി.ഷേണായ് (78), മകൾ വി.ദീപ (44) എന്നിവരുടെ മരണം സംബന്ധിച്ച ദുരൂഹതകളാണ് നീങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇവരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടായിരുന്നു. വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്‌ച വൈകിട്ട് ദീപ ആത്മഹത്യചെയ്തെന്നും മകൾ മരിച്ചതറിഞ്ഞ് ഹൃദയാഘാതത്താലാണ് സുനന്ദയുടെ മരണമെന്നുമാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.
മരണവുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടലുകളുണ്ടായിട്ടില്ലെന്നാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. സുനന്ദയുടെ മൃതദേഹം അടുക്കളയിലും ദീപയുടേത് ഡൈനിങ് ഹാളിലുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇരുവരെയും അയൽവാസികൾ അവസാനമായി കണ്ടത്. വോട്ട് ചെയ്യാനായി ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയതെന്ന് അയൽവാസികൾ പോലീസിൽ മൊഴി നൽകിയിരുന്നു. അന്നേദിവസം വൈകിട്ട് മൂന്നുവരെ ഇവരെ വീടിനുപുറത്ത് കണ്ടവരുണ്ട്. വീട്ടിൽനിന്ന് അനക്കമൊന്നും കേൾക്കാത്തതിനാൽ തൊട്ടടുത്ത വീട്ടിലുള്ളവർ തിങ്കളാഴ്‌ച രാവിലെ പോയി നോക്കുമ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
വീടിന്റെ മുൻവാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നെന്ന് അയൽക്കാർ പറഞ്ഞു. മൂന്നുദിവസത്തെ പത്രങ്ങൾ മുൻവാതിൽപ്പടിയിലുണ്ടായിരുന്നു. വീട്ടിനുള്ളിൽ ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു.
20 വർഷം മുൻപ് സുനന്ദയുടെ ഭർത്താവ് വിശ്വനാഥ് ഷേണായി കനറാ ബാങ്കിൽനിന്ന് വിരമിച്ചശേഷമാണ് കൊറ്റാളിയിലെ വീട് വിലയ്ക്കെടുത്തത്. വിശ്വനാഥന്റെ മരണശേഷം 10 വർഷത്തോളമായി സുനന്ദയും മകൾ ദീപയും മാത്രമായാണ് ഇവിടെ താമസം. അയൽവാസികളുമായി ഇരുവർക്കും കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല. ദീപ അവിവാഹിതയാണ്.
ഫൊറൻസിക് വിദഗ്‌ധർ സ്ഥലത്ത് വിദഗ്ധ പരിശോധന നടത്തിയിരുന്നു. മൃതദേഹങ്ങൾ പരിയാരം ഗവ. മെഡിക്കൽ കോളേജിലാണ് പോലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തത്. സുനന്ദയുടെ മറ്റുമക്കൾ – അർച്ചന (കക്കാട്), അമിത (എറണാകുളം). മൃതദ്ദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി കഴിഞ്ഞ ദിവസം പയ്യാമ്പലത്തു സംസ്കരിച്ചിരുന്നു.