റിയാദ്: വംശനാശം നേരിട്ട് മരുഭൂമിയിൽനിന്ന് അപ്രത്യക്ഷമായ ടാമറിസ്ക്ക് മരങ്ങൾ വീണ്ടുമെത്തുന്നു. ഈയിടൊയി പെയ്ത മഴയാണ് ഒരു കാലത്ത് മരുഭൂമിയിൽ എമ്പാടുമുണ്ടായിരുന്ന ടാമറിസ്കുകളെ വീണ്ടും മുളപ്പിച്ചത്. അൻപതുകളിലും അറുപതുകളിലും വടക്കൻ അതിർത്തി പ്രദേശത്തെ ഏറ്റവും പ്രശസ്തവും വ്യാപകവുമായ വന്യസസ്യങ്ങളിലൊന്നായിരുന്നു ഇത്. താഴ്‌വരകൾ, പാറക്കെട്ടുകൾ തുടങ്ങിയ മഴവെള്ളം ശേഖരിക്കപ്പെടുന്ന സ്ഥലങ്ങളിലായിരുന്നു ഇവ സമൃദ്ധമായി വളർന്നിരുന്നത്. മരുഭൂമിയിലെ കാലാവസ്ഥയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്ന ഇവ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുകയും ഉയർന്ന ലവണാംശം സ്വീകരിക്കുകയും ചെയ്യുന്നു. വലിയ പരിചരണമോ വെള്ളമോ ആവശ്യമില്ലാത്തവയാണിവ.
ഒരു കാലത്ത് ഈ മേഖലയെ പ്രശസ്തിയിലേക്ക് നയിച്ച മരങ്ങൾ പിന്നീട് വംശനാശം നേരിട്ടു. പ്രദേശത്ത് മൃഗങ്ങളുടെ അമിതമായ മേച്ചിൽ, മറ്റ് പാരിസ്ഥിതിക സഹചര്യങ്ങൾ എന്നിവയാണ് ഇതിന് കാരണം.

എന്നാൽ സമീപ വർഷങ്ങളിൽ, അറാർ നഗരത്തിലെ ഷുഐബ് ബദ്‌ന, കിഴക്കൻ തുറൈഫ് ഗവർണറേറ്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഈ മരം വീണ്ടും പ്രത്യക്ഷപ്പെടാനും പടരാനും തുടങ്ങി. മഴയുടെ അളവ് വർധിച്ചതാണ് ഇതിന് കാരണം. ദേശീയ സസ്യ വികസനത്തിനും മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനും വേണ്ടിയുള്ള സൗദി വനംവകുപ്പിന്റെ ശ്രമങ്ങളും ഈ മരങ്ങളുടെ പുനർജന്മത്തിന് കാരണമായി.
വടക്കൻ അതിർത്തി പ്രദേശത്ത് നാല് തരം ടാമറിസ്കുകൾ ഉണ്ടെന്ന് അമൻ പരിസ്ഥിതി അസോസിയേഷൻ മേധാവി നാസർ അൽ മുജല്ലദ് സ്ഥിരീകരിച്ചു. വാദി അറാർ, ബദ്ന, ഉമ്മു തർഫ ഖുബാറ എന്നിവിടങ്ങളിലെ നീർത്തടങ്ങളിലാണ് ഇവ വീണ്ടും നട്ടുപിടിപ്പിച്ചത്. തുറൈഫ് ഗവർണറേറ്റിലെ പല സ്ഥലങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട വൃക്ഷങ്ങളിൽ ഒന്നായാണ് ഇതിന് കണക്കാക്കുന്നത്. ഇത് നിത്യഹരിതമായി തുടരുന്നു വൃക്ഷം കൂടിയാണിത്.
മെലിഞ്ഞ ശാഖകളും ചാര-പച്ച ഇലകളുമാണ് ടാമറിസ്കുകളുടെ സവിശേഷത. ഇളം ശാഖകളുടെ പുറംതൊലി മിനുസമാർന്നതും ചുവപ്പ് കലർന്ന തവിട്ടുനിറവുമാണ്. ചെടികൾ പ്രായമാകുമ്പോൾ, പുറംതൊലി ചാര-തവിട്ട് നിറമായി മാറും.