റിയാദ് – ബുറൈദ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച, ആറു വയസ് പ്രായമുള്ള സൗദി ബാലന്‍ നാല് രോഗികളുടെ ജീവന്‍ രക്ഷിച്ച് യാത്രയായി. അവയവങ്ങള്‍ തകരാറിലായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് രോഗികളുടെ ജീവന്‍ രക്ഷിക്കാനാണ് ബാലന്‍ സഹായിച്ചത്. ബാലന്റെ കുടുംബം അവയവദാനത്തിന് സമ്മതിച്ചതിനെ തുടര്‍ന്ന് ബുറൈദയിലെ മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അവയവങ്ങള്‍ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.
ബാലനില്‍ നിന്ന് നീക്കം ചെയ്ത ഹൃദയം പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞില്‍ മാറ്റിവെച്ച് ജന്മനാ ഹൃദയവൈകല്യം നേരിട്ട കുഞ്ഞിന്റെ ദുരിതങ്ങള്‍ അവസാനിപ്പിച്ചു. കരള്‍ തകരാറിലായ എട്ട് വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. വൃക്കരോഗികളായ 37 വയസുകാരിക്കും 21 വയസുകാരിക്കും വിജയകരമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. നീതി ഉറപ്പാക്കുന്നതിന് രോഗികളുടെ മെഡിക്കല്‍ മുന്‍ഗണനകളെ അടിസ്ഥാനമാക്കി സ്ഥാപിതമായ നയങ്ങള്‍ക്കനുസൃതമായാണ് ബാലനില്‍ നിന്ന് നീക്കം ചെയ്ത അവയവങ്ങള്‍ വിതരണം നടത്തിയതെന്ന് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. ത്വലാല്‍ അല്‍ഖൗഫി വിശദീകരിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഡോ. ത്വലാല്‍ അല്‍ഖൗഫി നന്ദി പറഞ്ഞു.



