കറാച്ചി: ടിക്ക്‌ടോക് വീഡിയോ ഷൂട്ട് ചെയ്യാനായി സിംഹക്കൂട്ടിലേക്ക് കയറിയ യുവാവിന് സിംഹത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. മുഹമ്മദ് അസീമിനാണ് സിംഹത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഫാം ഉടമയുടെ സമ്മതിമില്ലാതെയാണ് യുവാവ് സിംഹക്കൂട്ടില്‍ കയറിയത്. തുടര്‍ന്ന് ഫോണുമായി സിംഹത്തിന്റെ അടുത്ത് നിന്ന് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഫാമിന്റെ ഉടമയാണ് ഇയാളെ രക്ഷിച്ചത്. ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്.
ഫാം ഉടമയ്ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇയാളുടെ ബ്രീഡിങ് ലൈസന്‍സ് അടക്കം റദ്ദ് ചെയ്യുമെന്നും അധികൃതര്‍ പ്രതികരിച്ചു. മാര്‍ജ്ജാരകുടുംബത്തിലെ അംഗങ്ങളായ സിംഹം, ചീറ്റ, കടുവ, പ്യൂമ, ജാഗ്വാര്‍ എന്നിവയെ വളര്‍ത്താന്‍ പാകിസ്താനില്‍ അനുമതിയുണ്ട്. എന്നാല്‍ ടിക്ക് ടോക്കിലോ മറ്റ് സാമൂഹികമാധ്യമങ്ങളിലോ ഈ വന്യജീവികളെ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്.
നഗരപ്രദേശങ്ങള്‍ക്ക് പുറത്തായിരിക്കണം ഇവയെ പാര്‍പ്പിക്കേണ്ടതെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഉടമകള്‍ക്ക് നഗരപ്രദേശത്തുനിന്ന് ഇവയെ മാറ്റിപാര്‍പ്പിക്കാനുള്ള സമയം നല്‍കും. നിയമം അനുസരിക്കാത്തവര്‍ക്ക് എതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാക് മന്ത്രി മറിയം കൂട്ടിച്ചേര്‍ത്തു.