ഏദന്‍ – യെമനില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് രാസായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും ഇറാന്‍ കടത്തുന്നതായി യെമന്‍ ഗവണ്‍മെന്റ് ആരോപിച്ചു.
അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറി യെമനില്‍ സ്ഥാപിക്കാന്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വിദഗ്ധര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും യെമന്‍ സര്‍ക്കാര്‍ പറഞ്ഞു. ഹൂത്തി ഗ്രൂപ്പ് ഈ മാരക വസ്തുക്കള്‍ തയാറാക്കി ബാലിസ്റ്റിക് മിസൈലുകളിലും ഡ്രോണുകളിലും സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ഇര്‍യാനി പറഞ്ഞു.
ഹൂത്തി ആയുധശേഖരത്തിലേക്ക് അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധങ്ങള്‍ കൊണ്ടുവരുന്നത്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിനിധീകരിക്കുന്ന പരമ്പരാഗത ഭീഷണിക്ക് അപ്പുറമാണ്. ഇത് മേഖലയിലും ലോകത്തും സിവിലിയന്മാരുടെ ജീവന് ഭീഷണിയാകുന്ന ദുരന്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു.
മറ്റ് രാജ്യങ്ങളില്‍ ആയുധ അടിസ്ഥാന സൗകര്യങ്ങളും ഫാക്ടറികളും ഇറാന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ സൈനിക പ്രോഗ്രാം ഭാഗങ്ങള്‍ പ്രാദേശികവല്‍ക്കരിക്കാനുള്ള ഇറാന്‍ ശ്രമങ്ങളെ കുറിച്ച് യെമന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് നല്‍കിയ മുന്നറിയിപ്പുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് യെമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പറഞ്ഞു.
യെമന്‍ പ്രദേശത്തെ വിഷ, രാസ, ജൈവ വസ്തുക്കളുടെ ഉല്‍പാദനത്തിനും പരീക്ഷണത്തിനുമുള്ള രഹസ്യ ലബോറട്ടറികളാക്കി മാറ്റുകയും റെവല്യൂഷനറി ഗാര്‍ഡിന്റെ നൂതന താവളമാക്കി മാറ്റുകയുമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. തീരദേശ മേഖല ഉള്‍പ്പെടെയുള്ള യെമന്റെ ചില ഭാഗങ്ങളില്‍ ഹൂത്തി ഗ്രൂപ്പിന്റെ തുടര്‍ച്ചയായ നിയന്ത്രണം കാലക്രമേണ വളര്‍ന്നുവരുന്ന ഭീഷണി ഉയര്‍ത്തുന്നു. ഈ നിയമ ലംഘനങ്ങള്‍ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും രാസവസ്തുക്കളുടെ കള്ളക്കടത്ത് അന്വേഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഐക്യരാഷ്ട്രസഭയോടും യു.എന്‍ രക്ഷാ സമിതിയോടും രാസായുധ നിരോധന സംഘടനയോടും മറ്റു മുഴുവന്‍ അന്താരാഷ്ട്ര കക്ഷികളോടും മുഅമ്മര്‍ അല്‍ഇര്‍യാനി ആവശ്യപ്പെട്ടു.
യെമന്റെയും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി, യെമനിലെങ്ങും നിയന്ത്രണം പുനഃസ്ഥാപിക്കാനും വ്യാപിപ്പിക്കാനും നിയമാനുസൃത സര്‍ക്കാരിന് അന്താരാഷ്ട്ര സമൂഹം യഥാര്‍ഥ പിന്തുണ നല്‍കണമെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ആവശ്യപ്പെട്ടു.